ഓപ്പറേഷൻ സ്ക്രീൻ തുടങ്ങി; ആദ്യം 1250 രൂപ പിഴ, ആര്‍ക്കും ഇളവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് .

0
347

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓപ്പറേഷൻ സ്ക്രീൻ പരിശോധന  തുടങ്ങി. ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങളാണ് കൂളിങ് ഫിലിമും കർട്ടനുകളുമായെത്തി കുടുങ്ങിയത്.

അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടെയെടുത്ത് ഇ – ചെലാൻ വഴി പിഴ മെസേജയയ്ക്കുകയാണ് ചെയ്യുന്നത്. 1250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. കർട്ടനുകളിട്ട് എത്തിയ ചിലർ സ്ഥലത്ത് വെച്ചുതന്നെ ഇവ നീക്കം ചെയ്തു.

ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാഹനം പുറകിൽ കര്‍ട്ടനുണ്ടായിട്ടും പരിശോധനയില്ലാതെ കടന്നുപോയി.  പൈലറ്റ് അകമ്പടിയോടെ വേഗത്തിൽ രണ്ടാം ട്രാക്കിലൂടെ കടന്നുപോയപ്പോൾ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് ആർടിഒയുടെ വിശദീകരണം. അതേസമയം കര്‍ട്ടനിട്ട് എത്തിയ  തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ വാഹനത്തിന് പിഴ ചുമത്തി.

ഇസഡ് കാറ്റഗറി സുരക്ഷയുള്ളവർക്കും മുഖ്യമന്ത്രിക്കും മാത്രമാണ് സംസ്ഥാനത്ത് ഇളവ്. പരാതികൾ പൊതുജനങ്ങൾക്കും അറിയിക്കാം. റോഡ് സുരക്ഷാ മാസം, ഹെൽമറ്റ് ചലഞ്ച് തുടങ്ങിയ പദ്ധതികൾക്ക് ഒപ്പമാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷൻ  സ്ക്രീനും മുന്നോട്ട് കൊണ്ട് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here