കോഴി വിൽപന നിരോധിച്ചത് പുനരാലോചിക്കണം; നന്നായി വേവിച്ചാൽ കഴിക്കാമെന്നും കേന്ദ്ര സർക്കാർ

0
195

ന്യൂഡൽഹി: രാജ്യത്ത് പക്ഷിപ്പനി ഭീതി പടരുന്നതിനിടെ, കോഴി വിൽപന നിരോധിച്ചതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ നിന്ന് വാങ്ങുന്ന കോഴിയും കോഴി ഉൽപന്നങ്ങളും വിൽക്കാൻ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.

മാത്രമല്ല, നന്നായി വേവിച്ച കോഴിയിറച്ചിയും മുട്ടയും ഉപയോഗിക്കാമെന്നും ആളുകൾ അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും കേന്ദ്രം ആവർത്തിച്ചു. ലോക്ഡൗൺ മൂലം ദുരിതത്തിലായ കോഴി, മുട്ട വിപണികളെ നിരോധനം വീണ്ടും ദുരിതത്തിലാക്കുന്നതായി മൃഗക്ഷേമ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കോഴി, കോഴി ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ച തീരുമാനത്തിൽ സംസ്ഥാനങ്ങൾ പുനരാലോചന നടത്തണം. അണുബാധയില്ലാത്ത പ്രദേശങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന കോഴി, കോഴി ഉൽ‌പന്നങ്ങളുടെ വിൽപനക്ക് അനുമതി നൽകണം.

പക്ഷിപ്പനി പടരുന്നത് രാജ്യം ഫലപ്രദമായി നിയന്ത്രിക്കുകയാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ സ്ഥിതി നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര സംഘത്തിൻെറ പഠനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here