15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഉടമയാണോ? എന്നാൽ അവ നശിപ്പിക്കാൻ സമയമായി; കാരണം അറിയാം

0
159

ന്യൂഡൽഹി: പതിനഞ്ചുവർഷം പഴക്കമുള്ള വാഹനങ്ങളുടെ ഉടമയാണോ നിങ്ങൾ. എങ്കിൽ അവ ഉടൻ ആക്രിക്ക് കൊടുക്കാൻ തയാറായിക്കൊള്ളൂ. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി ഉടൻ നടപ്പിക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങാതെ നശിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കരട് നയം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഉടൻ അനുമതി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

”മന്ത്രാലയം കരട് നയം സർക്കാരിന് സമർപ്പിച്ചു. ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്”- മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പതിനഞ്ച് വർഷം പഴക്കമുള്ള കാറുകളും ബസുകളും ട്രക്കുകളും നിരത്തിലിറങ്ങുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെമന്ന് ആത്മനിർഭർ ഭാരത് ഇന്നൊവേഷൻ ചലഞ്ച് 2020-21 പരിപാടിയിൽ ഗതാഗത മന്ത്രി വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനത്തിന് പ്രാധാന്യമേറെയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

കരട് നയത്തിന് അനുമതി ലഭിച്ചുകഴിഞ്ഞാൽ ഇന്ത്യ വാഹന വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. സ്ക്രാപ്പ് ചെയ്ത വാഹനങ്ങളിൽ നിന്നുള്ള റീസൈക്കിൾ മെറ്റീരിയൽ പുതിയ വാഹനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതിനാൽ ഇത് വാഹനങ്ങളുടെ വില കുറയ്ക്കുന്നതിന് ഇടയാക്കും. വാഹന വ്യവസായത്തിന്റെ വലുപ്പം 4.5 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.5 ലക്ഷം കോടി രൂപ കയറ്റുമതിയിലൂടെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഴയ വാഹനങ്ങൾക്കുള്ള നയം പരിഗണനയിലാണെന്ന് നേരത്തെ ധനമന്ത്രി നിർമല സീതാരാമനും ചൂണ്ടിക്കാട്ടിയിരുന്നു.

കടുത്ത പ്രതിസന്ധി നേരിടുന്ന ഓട്ടോമൊബൈൽ മേഖലയ്ക്ക് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെയാണ് കരട് നയം കൊണ്ടുവന്നിരിക്കുന്നത്. പഴക്കമുള്ള വാഹനങ്ങൾ നശിപ്പിക്കേണ്ട സാഹചര്യം വരുമ്പോൾ പുതിയ വാഹനങ്ങളുടെ ആവശ്യകത വർധിക്കും. മാത്രമല്ല, പഴയ വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം കുറയും. പുതിയ വാഹനം വാങ്ങുന്നവരിൽ കുറച്ചുപേരെങ്കിലും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതും ഗുണകരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here