ഫേസ്ബുക്കിലെ പരസ്യം കണ്ട് മസാജ് ചെയ്യാനെത്തി; പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

0
154

ദുബൈ: ദുബൈയില്‍ മസാജ് സേവനത്തിനെത്തിയ പ്രവാസിയെ ആക്രമിച്ച് പണം തട്ടിയെടുത്തു. വ്യാജ മസാജ് സേവനത്തിന്റെ പേരില്‍ പ്രവാസിയെ ആക്രമിച്ച് 50,000 ദിര്‍ഹം തട്ടിയെടുത്ത സംഘത്തിനെതിരെ കുറ്റം ചുമത്തി. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

ഈ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം. മസാജ് സേവനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജില്‍ ഒരു യുവതിയുടെ ചിത്രമുള്‍പ്പെട്ട പരസ്യം കണ്ടിട്ടാണ് 42കാരനായ ജോര്‍ദ്ദാന്‍ സ്വദേശി ഇവരുമായി ബന്ധപ്പെടുന്നത്. വാട്സാപ്പില്‍ ചാറ്റ് ചെയ്തപ്പോള്‍ ഇവര്‍ മസാജ് സേവനത്തിനായി എത്തേണ്ട സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്രവാസിക്ക് അയച്ചുനല്‍കി. ഇതനുസരിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍ കണ്ടത് മറ്റൊരു സ്ത്രീയെയാണ്. പരസ്യത്തില്‍ കണ്ട യുവതിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ മറുപടി നല്‍കിയില്ല. ഇതിനിടെ പെട്ടെന്ന് ആറ് പുരുഷന്‍മാര്‍ സ്ഥലത്തേക്ക് എത്തുകയും ഇവര്‍ തന്റെ വായ ടവല്‍ ഉപയോഗിച്ച് മൂടുകയും ചെയ്തതെന്ന് ജോര്‍ദ്ദാന്‍ സ്വദേശി പറഞ്ഞതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നു. 

തുടര്‍ന്ന് പ്രവാസിയുടെ മൊബൈല്‍ ഫോണും വാലറ്റും സംഘം തട്ടിയെടുത്തു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് തന്റെ അക്കൗണ്ടില്‍ നിന്ന് 50,000 ദിര്‍ഹം പിന്‍വലിച്ചെന്നും പ്രവാസി പറഞ്ഞു. ഫോണില്‍ നിന്ന് യുവതിയുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്ത ശേഷം സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് ശേഷം പ്രവാസി റെഫ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. നിരീക്ഷണ ക്യാമറ പരിശോധിച്ച പൊലീസ് സംഘത്തെ തിരിച്ചറിഞ്ഞു. സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പ്രവാസിയെ അപ്പാര്‍ട്ട്‌മെന്റില്‍ വിളിച്ച് വരുത്തിയെന്നും മറ്റ് മൂന്നുപേരുമായി ചേര്‍ന്ന് പണം കവര്‍ന്നതായും ഇവര്‍ സമ്മതിച്ചു. സംഘാംഗങ്ങളെ പ്രവാസി തിരിച്ചറിഞ്ഞെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന്  പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തിനെതിരെ കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍, പൂട്ടിയിടല്‍ എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് ഡിസംബര്‍ 15നാണ്. അതുവരെ അറസ്റ്റിലായവര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. 
 

LEAVE A REPLY

Please enter your comment!
Please enter your name here