ഇസ്‌ലാം വിരുദ്ധ പരിപാടിക്ക് സംഘ്പരിവാര്‍ ചാനലിന് പിന്തുണ‍: ‘അമുലി’നെതിരെ സമൂഹ മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം

0
244

അമുൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ക്യാമ്പയിന്‍. സംഘ്പരിവാര്‍ ചാനലായ സുദര്‍ശന്‍ ടിവിയുടെ ഇസ്‌ലാം വിരുദ്ധ പരിപാടിക്ക് പിന്തുണ നൽകുന്നുവെന്നാരോപിച്ചാണ് ബഹിഷ്കരണാഹ്വാനം. മതവിദ്വേഷം പ്രചരിപ്പിക്കുന്ന ചാനലിന്‍റ പ്രോഗ്രം ഡൽഹി ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.

സർക്കാർ ജോലികൾ മുസ്‍ലിംകൾ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് യു.പി.എസ്.സി ജിഹാദ് എന്ന ഹാഷ്‍ടാഗിലായിരുന്നു സുദർശൻ ടി.വി വിദ്വേഷ പ്രചാരണ പരിപാടി നടത്താനിരുന്നത്. ‘ബിന്ദാസ് ബോൽ’ എന്നായിരുന്നു പ്രോഗ്രാമിന്‍റെ പേര്. വെള്ളിയാഴ്ച എട്ടുമണിക്കായിരുന്നു പരിപാടി ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ പരിപാടി ഡൽഹി ഹൈകോടതി തടഞ്ഞു. ജാമിഅഃ വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് നവീൻ ചാവ്ലയുടെ സിംഗിൾ ബെഞ്ചാണ് വെള്ളിയാഴ്ച എട്ടുമണിക്ക് ഷെഡ്യൂൾ ചെയ്ത പരിപാടി സ്റ്റേ ചെയ്തത്.

ഇന്ത്യയുടെ കാമധേനു എന്നാണ് ഗുജറാത്ത് ആസ്ഥാനമായുള്ള അമുൽ കമ്പനി അറിയപ്പെടുന്നത്. പ്രത്യക്ഷമായിതന്നെ ഇസ്‍ലാം വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാര്‍ ചാനലാണ് സുദർശൻ ടി.വി. ചാനലിന്‍റെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന പരിപാടി ഡൽഹി ഹൈകോടതി തടഞ്ഞിട്ടും അതേ ചാനലിന് സ്പോൺസർഷിപ്പ് തുടരുന്നതിനാലാണ് ‘അമുലി’നെതിരെ സമൂഹ മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം നടക്കുന്നത്.

ഇനി അമുൽ ഉപയോഗിക്കില്ലെന്നും ഉത്പന്നം ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്ത് നിരവധി പേരാണ് രംഗത്തുള്ളത്. അമുലിനെതിരായ ബഹിഷ്കരണ കാമ്പയിനില്‍ ഉത്പന്നത്തിന്‍റെ ‘ഇന്ത്യയുടെ രുചി’ എന്ന പരസ്യവാചകം ഇന്ത്യയുടെ മാലിന്യം എന്നാക്കി മാറ്റിയുള്ള പ്രചാരണവും നടക്കുന്നുണ്ട്.

ചാനല്‍ വാര്‍ത്തക്കെതിരെ ഐ.പി.എസ് അസോസിയേഷനും രംഗത്തുവന്നിരുന്നു. സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ ലക്ഷ്യമിട്ട് സുദര്‍ശന്‍ ടിവിയില്‍ വന്ന വാര്‍ത്ത വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നായിരുന്നു ഐ.പി.എസ് അസോസിയേഷൻ പ്രതികരിച്ചത്. ചാനലിന് സ്പോൺസർഷിപ്പ് തുടരുന്നത് പുനരാലോചിക്കണമെന്ന് യു.കെ ആസ്ഥാനമായ ‘സ്റ്റോപ് ഫണ്ടിങ് ഹെയ്റ്റ്’ അമുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here