ബിജെപി നേതാക്കളെ ഭയം; വര്‍ഗീയ പരാമര്‍ശത്തിനെതിരെ ഫെയ്സ്ബുക്ക് നടപടിയെടുത്തില്ലെന്ന് റിപ്പോര്‍ട്ട്

0
163

ന്യൂഡല്‍ഹി: (www.mediavisionnews.in) ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേയ്‌സ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേയ്‌സ്ബുക്ക് നിലപാട് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഫേയ്ബുക്കിലെതന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കമ്പനിയുടെ പക്ഷപാത നിലപാട് ചൂണ്ടിക്കാണിക്കുന്നത്.

കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേയ്‌സ്ബുക്ക് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ സിങ്ങിനെ ഫേയ്‌സ്ബുക്കില്‍നിന്ന് വിലക്കാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അന്‍ഖി ദാസ് ഇടപെട്ടുവെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്  ചെയ്യുന്നത്. 

ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഫേയ്‌സ്ബുക്കില്‍നിന്ന് രാജ സിങ്ങിനെ വിലക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അന്‍ഖി ദാസിന്റെ ഇടപെടലുകള്‍ ഉണ്ടായത്. ഇത് ഭരിക്കുന്ന പാര്‍ട്ടിയോടുള്ള ഫേയ്‌സ്ബുക്കിന്റെ പക്ഷപാതപരമായ നടപടിയായാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഫെയ്‌സ്ബുക്കിലെ ചില മുന്‍ ഉദ്യോഗസ്ഥരെയും നിലവിലുള്ള ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചുകൊണ്ടാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിവാദ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധനായ രാജ സിങ് റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവന ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫേയ്‌സ്ബുക്ക് തന്നെ വിലയിരുത്തിയിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്ക് നയങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ മോദിയുടെ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്ന് അന്‍ഖി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

അക്രമങ്ങള്‍ക്ക് ഇടയാക്കുന്ന വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷജനകമായ ഉള്ളടക്കങ്ങളും തടയുക എന്നത് ഫെയ്‌സ്ബുക്കിന്റെ നയമാണ്. രാഷ്ട്രീയവും പാര്‍ട്ടി ബന്ധങ്ങളും പരിഗണിക്കാതെ ലോകമൊട്ടുക്കും ഈ നയം നടപ്പാക്കുകയെന്നാണ് കമ്പനിയുടെ നിലപാടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു.

ഈ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരും ബിജെപിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇത് കാണിക്കുന്നതെന്നും ഇത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും കോണ്‍ഗ്രസ്‌ വക്താവ് പവന്‍ ഖേര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here