തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടെന്ന് വ്യാജപ്രചാരണം

0
181

ന്യൂ ഡല്‍ഹി (www.mediavisionnews.in) :   ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്‌രീസ് അന്‍സാരിയെന്ന മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം.

ബുധനാഴ്ച രാവിലെ മുതലാണ് തബ് രീസ് അന്‍സാരിയുടെ കൊലയാളി കൊല്ലപ്പെട്ടു എന്ന അടിക്കുറിപ്പോടെ ഒരു യുവാവിനെ മുഖം വെട്ടിപ്പരിക്കേല്‍പ്പിച്ച ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, തബ്‌രീസ് അന്‍സാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാരും കൊല്ലപ്പെട്ടിട്ടില്ലെന്നും 11 പേരെ അറസ്റ്റ് ചെയ്ത് ഇപ്പോള്‍ റിമാന്റിലാണെന്നും സെരായ്‌ഖേല പോലിസ് സൂപ്രണ്ട് കാര്‍ത്തിക് പറഞ്ഞതായി ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ ദി ക്വിന്റ് റിപോര്‍ട്ട് ചെയ്തു.

കേസിലെ മുഖ്യപ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ പപ്പു മണ്ഡല്‍ ഉള്‍പ്പെടെയുള്ളവരെ ദിവസങ്ങള്‍ക്കു മുമ്പ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പപ്പു മണ്ഡല്‍ കൊല്ലപ്പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. പപ്പു മണ്ഡലിനോടു രൂപസാദൃശ്യമുള്ള യുവാവിന്റെ ചിത്രങ്ങളും വീഡിയോയും ഉള്‍പ്പെടെയാണ് വാട്‌സ് ആപ് പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

പ്രചാരണങ്ങളില്‍ വസ്തുതയില്ലെന്നും സരായ്‌ഖേല-ഖാര്‍സവാന്‍, തദ്കിതി മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പോലിസ് അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും പോലിസ് മേധാവി പറഞ്ഞു. തബ് രീസ് അന്‍സാരിയെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുമ്പോള്‍ താന്‍ സംഭവസ്ഥലത്തില്ലെന്നാണ് പപ്പു മണ്ഡല്‍ അവകാശപ്പെടുന്നതെന്നും ഇക്കാര്യം പ്രത്യേകാന്വേഷണ സംഘം അന്വേഷിച്ചുവരികയാണെന്നും പോലിസ് മേധാവി പറഞ്ഞു.

ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ചാണ് 24കാരനായ തബ്‌രീസ് അന്‍സാരിയെ ഒരുകൂട്ടം ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. മണിക്കൂറുകളോളം വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ തബ്‌രീസിനെ പോലിസ് കസ്റ്റഡിയിലെടുക്കുകയും കൃത്യമായ സമയത്ത് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തബ്‌രീസ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here