പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റും പി.സി ജോര്‍ജിനെ കൈവിട്ടു; നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ജനപക്ഷം

0
209

പൂഞ്ഞാര്‍ (www.mediavisionnews.in) :  പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റും പി.സി ജോര്‍ജിനെ കൈവിട്ടു; നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ജനപക്ഷം മാറിയേക്കും

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ചാണ് പി.സി ജോര്‍ജ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മുന്നണികളുടെ പിന്തുണയൊന്നുമില്ലാതെ ഒറ്റക്ക് മത്സരിച്ച് വിജയിച്ചത്. എന്നാല്‍ ഇപ്പോള്‍ പി.സി ജോര്‍ജിന് തിരിച്ചടികളുടെ കാലമാണ്. തിരിച്ചടികളുടെ കണക്കില്‍ പുതിയൊരെണ്ണം കൂടി സംഭവിച്ചിരിക്കുകയാണ്.

പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റും ജനപക്ഷം നേതാവുമായ പ്രസാദ് തോമസ് ജനപക്ഷം ബന്ധമവസാനിപ്പിച്ചു. യു.ഡി.എഫിനോടൊപ്പം പ്രവര്‍ത്തിക്കാനാണ് ഇനി പ്രസാദിന്റെ തീരുമാനം. പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്ത് ഭരണം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ ജനപക്ഷത്തിന് നഷ്ടപ്പെട്ടിരുന്നു. ജനപക്ഷം ഭരിച്ചിരുന്ന തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ജനപക്ഷത്തിലെ ലീന ജോര്‍ജും ജനപക്ഷ അംഗവും യു.ഡി.എഫിനോടൊപ്പം സഹകരിക്കാന്‍ തീരുമാനിച്ചതോടെ അവിടെയും ഭരണം നഷ്ടപ്പെട്ടിരുന്നു. ഇതിനിടെയാണ് പൂഞ്ഞാര്‍ പ്രസിഡന്റായ പ്രസാദ് തോമസും ജനപക്ഷം വിടാന്‍ തീരുമാനിച്ചത്.

ഇതോടെ സ്വന്തം നിയോജക മണ്ഡലമായ പൂഞ്ഞാറില്‍ ഒരു പഞ്ചായത്തിലും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ജനപക്ഷം മാറി. സ്വതന്ത്ര അംഗമായാണ് പ്രസാദ് തോമസ് വിജയിച്ചത്. ഇതിനാല്‍ പ്രസാദ് തോമസിനെതിരെ അയോഗ്യപ്പെടുത്താനായി പരാതി നല്‍കാനും ജനപക്ഷത്തിന് സാധിക്കില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനപക്ഷം എന്‍.ഡിഎ മുന്നണിയെ പിന്തുണച്ചിരുന്നു. എന്‍.ഡി.എ ഘടകകക്ഷിയായി മുന്നോട്ട് പോവാനുള്ള ജനപക്ഷത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടി വിടുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here