ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ജെ.ഡി.എസ് ) എം.പി പ്രജ്വൽ രേവണ്ണയുടെ ജയിൽ മുറിയിൽനിന്ന് മൊബൈൽ ഫോൺ പിടികൂടി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോണും പെൻഡ്രൈവും ചാർജറും കണ്ടെത്തിയത്.
പ്രജ്വലിന്റെ കൈവശം ഉണ്ടായിരുന്ന ഫോണിൽ തൊണ്ണൂറോളം അശ്ലീല വീഡിയോകൾ ഉള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ശരീരം വ്യക്തമാകുന്ന തരത്തിലുള്ള സ്ത്രീകളുടെ ചിത്രങ്ങളും ഇതിൽ സൂക്ഷിച്ചിരുന്നു. ആന്ധ്രാപ്രദേശിൽനിന്ന് എടുത്ത സിം കാർഡാണ് ഫോണിൽ ഉപയോഗിച്ചിരുന്നത്. ജയിലിലെ സിഗ്നൽ ജാമറുകളെ മറികടക്കാനാണ് മറ്റ് സംസ്ഥാനങ്ങളിലെ സിം കാർഡുകൾ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഫോൺ കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യുകയും, സൂപ്രണ്ടിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു. ഫോൺ ജയിലിനുള്ളിൽ എത്തിയതിനെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരപ്പന അഗ്രഹാര പൊലീസ് പുതിയ കേസെടുത്തിട്ടുണ്ടെന്നും മറ്റൊരു തടവുകാരനെ കൂടി കേസിൽ പ്രതിചേർത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ലൈംഗിക പീഡനക്കേസിൽ 2025 ഓഗസ്റ്റിലാണ് പ്രജ്വൽ രേവണ്ണയെ പ്രത്യേക കോടതി ശിക്ഷിച്ചത്.

