വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശം; ടി ജി മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

0
73

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയത് വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലുമെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി.മോഹൻദാസിന്റെ പരാമർശത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്. സൈബർ സെൽ ഐജി പി.പ്രകാശ് അന്വേഷിക്കും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്. ടി.ജി.മോഹൻദാസിനെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്എഫ്‌ഐ തുടങ്ങിയ യുവജന-വിദ്യാർത്ഥി സംഘടനകളും പരാതി നൽകിയിരുന്നു.

ഇതിനിടെ ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. വിയോജിപ്പുകളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് ഇത്തരം ക്രൂരമായ പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്നും പിണാറായി വിജയൻ പറഞ്ഞു.

‘ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ സമാധാനപരമായി പ്രതിഷേധിച്ച ജനാധിപത്യ വിശ്വാസികൾക്കെതിരെ കേസെടുക്കാൻ തിടുക്കം കാണിച്ച കേരള പോലീസ്, സമരക്കാരെ വെടിവെച്ചു കൊല്ലാൻ ആഹ്വാനം ചെയ്ത ടി.ജി. മോഹൻദാസിനെതിരെ ഇതുവരെ ഒരു കേസും എടുക്കാൻ തയ്യാറായിട്ടില്ല. സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ ലാത്തിയെടുക്കുന്ന പോലീസ്, പരസ്യമായി കൊലവിളി നടത്തുന്ന സംഘപരിവാർ നേതാക്കൾക്ക് മുന്നിൽ മുട്ടുമടക്കുന്നത് കേരളത്തിന് അപമാനമാണ്.

ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി പോലീസ് സേനയെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കുന്ന സംസ്ഥാന സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ ഉടൻ പിൻവലിക്കണം. അതോടൊപ്പം, കലാപാഹ്വാനം നടത്തിയതിന് അടിയന്തരമായി കേസെടുത്ത് നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് സർക്കാർ തയ്യാറാകണം’പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here