രാജ്യത്ത് ഇനി പ്ലാസ്റ്റിക് നോട്ടുകളും; ആദ്യഘട്ടത്തിൽ ₹10, ₹20 പോളിമർ നോട്ടുകൾ ഇറക്കും

0
32

ന്യൂഡൽഹി: കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് (പോളിമർ) കറൻസികൾ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.

ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പോളിമർ നോട്ടുകൾ വിപണിയിലിറക്കുന്നത്. 10, 20 രൂപ മൂല്യമുള്ള 100 കോടി വീതം (ആകെ 200 കോടി) നോട്ടുകളാണ് തുടക്കത്തിൽ പുറത്തിറക്കുക. ഈ പരീക്ഷണം വിജയകരമായാൽ രാജ്യത്തുടനീളം പ്ലാസ്റ്റിക് നോട്ടുകളുടെ പ്രചാരം വ്യാപിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം.

കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ സുപ്രധാന വിവരം അറിയിച്ചത്.

കടലാസ് നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ദീർഘായുസ്സുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. വലിയ അളവിൽ പണവിനിമയം നടക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പോളിമർ നോട്ടുകളാണ് കൂടുതൽ അനുയോജ്യമെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പുതിയ തീരുമാനത്തോടെ കടലാസ് നോട്ടുകൾ പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവിലുള്ള കടലാസ് കറൻസികൾക്കൊപ്പം തന്നെയാണ് പ്ലാസ്റ്റിക് നോട്ടുകളും വിനിമയം ചെയ്യുക. കടലാസ് നോട്ടുകൾ പൂർണ്ണമായി ഒഴിവാക്കാൻ നിലവിൽ പദ്ധതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

പോളിമർ നോട്ടുകൾ വിപണിയിലെത്തുന്നത് ഡിജിറ്റൽ പേയ്മെന്റുകളെ ബാധിക്കുമോ എന്ന് ഇപ്പോൾ വിലയിരുത്താനാകില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കി. കറൻസികളും ഡിജിറ്റൽ ഇടപാടുകളും പരസ്പരപൂരകമായി മുന്നോട്ട് പോകുമെന്നാണ് കണക്കുകൂട്ടൽ.

1988-ൽ ഓസ്‌ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ കറൻസി അവതരിപ്പിച്ചത്. നിലവിൽ അറുപതോളം രാജ്യങ്ങൾ പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്.

2025-’26 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നോട്ടുകൾ അച്ചടിക്കുന്നതിനായി 4,875.2 കോടി രൂപയാണ് ചെലവഴിച്ചത്. തൊട്ടുമുൻവർഷം ഇത് 6,372 കോടി രൂപയായിരുന്നു. 2025-’26 സാമ്പത്തിക വർഷത്തിൽ വിപണിയിൽ നിന്ന് പിൻവലിച്ച 1,702 കോടി മുഷിഞ്ഞ നോട്ടുകളാണ് ആർ.ബി.ഐ നശിപ്പിച്ചത്. 2024-’25-ൽ ഇത് 2,386 കോടി ആയിരുന്നു.

ആദ്യഘട്ട പരീക്ഷണം വിജയകരമാകുന്നതോടെ രാജ്യത്തെ കറൻസി വിനിമയ രംഗത്ത് വലിയൊരു മാറ്റത്തിനാവും ഇന്ത്യ സാക്ഷ്യം വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here