ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഡല്‍ഹി ഹൈക്കോടതി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.
അക്കൗണ്ട് ഉടമയായ അഭിജീത് ദീപ്‌കെ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ തീരുമാനം. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിലക്ക് നീക്കിക്കൊണ്ടുള്ള കോടതിയുടെ തീരുമാനത്തെ സിജെപി സ്വാഗതം ചെയ്തു. ഇതൊരു വലിയ വിജയമാണെന്ന് അഭിജീത് ദീപ്‌കെ എക്സില്‍ കുറിച്ചു.
ജൂണ്‍ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് സിജെപിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. മുന്‍കരുതല്‍ നടപടിയെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
സിജെപിയുടെ പ്രതികരണങ്ങള്‍ രാജ്യത്തെ ഉദ്യോഗാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. തുടര്‍ന്ന് രാജ്യത്തുടനീളം എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി കേന്ദ്രം മരവിപ്പിച്ചിരുന്നു.
നിലവില്‍ നീറ്റ് പുനഃപരീക്ഷ പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിജെപിക്കെതിരായ വിലക്ക് നീക്കാന്‍ കേന്ദ്രം സമ്മതമറിയിച്ചത്.
‘പരീക്ഷ കഴിഞ്ഞല്ലോ…. എക്‌സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരിന് ഇനി ഒരു ബുദ്ധിമുട്ടുമില്ല,’ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

