വയനാട്ടിൽ കനത്ത മഴ, വൻ മണ്ണിടിച്ചിൽ; രണ്ട് മരണം

0
9

വയനാട്: വയനാട് കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു . അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധന തുടരുകയാണ്. ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഫയർ ഫോഴ്സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.

കള്ളാടിയിലേത് മനുഷ്യനിർമിത അപകടമെന്ന് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് അപകടത്തിന് ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളാടിയിൽ തുരങ്കപാത പ്രവൃത്തിയുമായി തൽക്കാലം മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ടതാണെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ വ്യക്തമാക്കി. സാധ്യമായ ഫോഴ്സിനെ എല്ലാം സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രദേശത്ത് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 265 മില്ലിമീറ്റർ കനത്ത മഴയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത്. ചൂരൽമല പുഴയിൽ ഒഴുക്ക് വര്‍ധിച്ചിരുന്നു. വാഹനങ്ങൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം. നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയാണ് അപകടം. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്.

തുരങ്കപാത നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് അപകടമുണ്ടായത്. സമീപത്തായി ഒരു പള്ളിയുണ്ടായിരുന്നു. പള്ളിയുടെ അവശിഷ്ടം പോലും കാണാനില്ലാത്ത സാഹചര്യമാണ്. തൊട്ടടുത്തുള്ള വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മണ്ണ് പൂര്‍ണമായും ഇടിഞ്ഞുവീണിട്ടുണ്ട്. പ്രദേശത്തെ കോൺക്രീറ്റ് ഭിത്തി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എൻഡിആര്‍എഫ് സംഘത്തോട് സ്ഥലത്തെത്താൻ മന്ത്രി ടി.സിദ്ദിഖ് നിര്‍ദേശം നൽകിയിട്ടുണ്ട്.

മണ്ണിടിച്ചിലിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. റവന്യൂ മന്ത്രി എ.പി അനില്‍കുമാറിനോടും സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ നിര്‍ദേശിച്ചു. മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കലക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here