ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് ‘എനര്‍ജി ഡ്രിങ്ക്’ എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി റെഡ് ബുള്‍, സ്റ്റിങ്, പെപ്‌സികോയുടെ അഡ്രിനാലിന്‍ റഷ് തുടങ്ങിയ ആറ് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).
മേല്‍പ്പറഞ്ഞവയെ കൂടാതെ റിലയന്‍സിന്റെ കാംപ എനര്‍ജി ഡ്രിങ്ക്, ഹെല്‍ എനര്‍ജി, കൊക്കകോളയുടെ മോണ്‍സ്റ്റര്‍ എനര്‍ജി എന്നീ പാനീയങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവയൊന്നും എനര്‍ജി ഡ്രിങ്കുകളല്ലെന്നും അത്തരത്തിലുള്ള അവകാശവാദവുമായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എഫ്എസ്എസ്എഐ പറയുന്നു.
‘ശരീരത്തിനും മനസ്സിനും ഉന്മേഷം നല്‍കും’, ‘ഏകാഗ്രത വര്‍ധിപ്പിക്കും’, ‘ഊര്‍ജസ്വലത ഉയര്‍ത്തും’, ‘ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും’ തുടങ്ങിയ അവകാശവാദങ്ങള്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഉന്നയിക്കുന്നത് ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് അനുവദനീയമല്ലെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. ബ്രാന്‍ഡിങ്ങും പ്രൊമോഷണല്‍ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നടത്തിയതിനാണ് എനര്‍ജി ഡ്രിങ്കുകളെന്ന് അവകാശപ്പെടുന്ന ഈ ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
ആരോഗ്യത്തിന് ഗുണകരമാണെന്ന വ്യാജേന വിപണിയിലെത്തുന്ന പല പാനീയങ്ങളും നിശ്ചിത പോഷക മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. അതിമായ അളവില്‍ പഞ്ചസാരയും കഫീനും അടങ്ങിയ പാനീയങ്ങള്‍ എനര്‍ജി ഡ്രിങ്ക് എന്ന ലേബലില്‍ വിപണിയിലെത്തുന്നുണ്ട്. ഒരു ദിവസം ഒന്നിലേറെ കുടിക്കരുതെന്ന മുന്നറിയിപ്പുകള്‍ പലതിലും നല്‍കിയിട്ടുമുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ എഫ്എസ്എസ്എഐ കര്‍ശന നിലപാട് തുടരുകയാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ അവകാശവാദങ്ങള്‍, ബ്രാന്‍ഡ് പേരുകള്‍, പാക്കേജിലെ വിവരങ്ങള്‍ എന്നിവ നല്‍കിയതിന് കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് ഫ്രൂട്ട് ജ്യൂസ്, അസ്-ഇറ്റ്-ഈസ് ആറ്റം പിഡബ്ല്യുആര്‍ വേ പ്രോട്ടീന്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നു.
ഫെറേറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന കിന്‍ഡര്‍ ജോയ് കോട്ടഡ് വേഫര്‍ ബിസ്‌കറ്റില്‍ കവറിന് പുറത്ത് ‘മില്‍ക്ക് സോളിഡുകളാല്‍ സമ്പന്നം’ എന്ന് എഴുതിയിട്ടുണ്ട്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉല്‍പ്പന്നത്തിന്റെ ഘടകങ്ങളില്‍ അവകാശപ്പെടുന്നതുപോലെ മില്‍ക്ക് സോളിഡുകള്‍ ഇല്ലെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടുന്നു.
മാരികോ ലിമിറ്റഡിന്റെ സഫോല ടോട്ടല്‍ ഹാര്‍ട്ട് പ്രൊ-മള്‍ട്ടി സോഴ്‌സ് കുക്കിങ് ഓയിലിനും നോട്ടീസുണ്ട്. ‘ഹാര്‍ട്ട് പ്രൊ’ എന്ന അവകാശവാദവും കവറിന് പുറത്തെ ചിത്രവും ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന തെറ്റിദ്ധാരണ ഉപഭോക്താക്കളിലുണ്ടാക്കുമെന്ന് എഫ്എസ്എസ്എഐ പറയുന്നു. ‘ഗുഡ് ഫാറ്റ് ബാലന്‍സ്’ എന്ന് കവറിന് പുറത്ത് എഴുതിയത് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.
മെഡിസെന്‍ ലാബ്‌സ് വിപണിയിലെത്തിക്കുന്ന അസ്-ഇറ്റ്-ഈസ് ആറ്റം പിഡബ്ല്യുആര്‍ വേ പ്രോട്ടീനും നോട്ടീസ് നല്‍കി. പാക്കേജിന് പുറത്തെ ‘ശുദ്ധവും ആരോഗ്യകരവും’, ‘100 ശതമാനം ആധികാരികം’ എന്നീ അവകാശവാദങ്ങള്‍ നിലവിലെ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമല്ല. ‘ഈസി ഡൈജസ്റ്റ്’, ‘ലീന്‍ മസില്‍ ഗെയിന്‍സ് ആന്‍ഡ് സ്‌ട്രെങ്ക്ത്’, ‘റാപ്പിഡ് റിക്കവറി’ തുടങ്ങിയ അവകാശവാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
പ്ലക്ക് മാംഗോ ഫ്രൂട്ട് ജ്യൂസിനും നോട്ടീസുണ്ട്. ‘നോ ആഡഡ് ഷുഗര്‍’ എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ‘നേച്വറല്‍ പനീര്‍’ എന്ന പനീര്‍ ബ്രാന്‍ഡിന്റെ പേരും അവകാശവാദവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഉല്‍പ്പന്നം ഒരു സംയുക്ത ഭക്ഷണമാണെന്നും നേച്വറല്‍ എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. ഇത് കൂടാതെ ഗൗര്‍ ഹെല്‍ത്തി ഫുഡിന്റെ ‘സില്‍ക്കന്‍ ടോഫു’, മാസ്റ്റര്‍ ചോ ഫുഡ്‌സിന്റെ ‘റാമെന്‍ നൂഡില്‍സ്’ എന്നിവക്കും നോട്ടീസുണ്ട്.
മേല്‍പറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്കൊന്നും ഗുണനിലവാര പ്രശ്‌നമോ മറ്റോ കണ്ടെത്തിയിട്ടില്ല. ഇവയുടെ ലേബലിലെയും പരസ്യങ്ങളിലെയും അവകാശവാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് എഫ്എസ്എസ്എഐ ചെയ്തിരിക്കുന്നത്. നോട്ടീസുകള്‍ ലഭിക്കുന്ന കമ്പനികള്‍ സാധാരണയായി വിശദീകരണങ്ങളും അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്

