ന്യൂഡല്‍ഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത പാർട്ടി, സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
അയോധ്യയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ കൊള്ളയാണെന്നും ഇത് കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വഞ്ചിക്കുന്നതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പേര് പറഞ്ഞാണ് ബിജെപി അധികാരത്തിൽ വന്നത്. എന്നാൽ ക്ഷേത്ര ഫണ്ടിൽ ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ബിജെപിയുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നതെന്നും കെ.സി വ്യക്തമാക്കി.
ക്ഷേത്രത്തിന്റെ ഭരണം കൈകാര്യം ചെയ്യുന്ന ‘ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്’ രൂപീകരിച്ചത് കേന്ദ്ര സർക്കാരായതിനാൽ, യുപി സർക്കാരിന്റെ കീഴിലുള്ള എസ്ഐടിക്ക് നിഷ്പക്ഷമായി അന്വേഷിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് സുപ്രിംകോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ അന്വേഷണം നടത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അഞ്ച് പ്രതികള്‍ സംഭാവന തട്ടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായ അവിനാഷ് ശുക്ലയെ വിശദമായി ചോദ്യം ചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചു. അവിനാഷില്‍ നിന്ന് നേരത്തെ 20 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളില്‍ നിന്ന് വെള്ളിയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതായും എസ്‌ഐടി പറയുന്നു. നിലവില്‍ പ്രതികളുടെ ബാങ്ക് ഇടപാടുകളുടെ വിവരവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.

