‘പാറ്റകള്‍’ കയ്യേറിയ തലസ്ഥാനം; ഡല്‍ഹി നിരത്തുകളില്‍ പ്രതിഷേധമുയര്‍ത്തി ക്രോക്രോച് ജനതാ പാര്‍ട്ടി; ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യം

0
29

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം ഡല്‍ഹിയില്‍. പ്രതിഷേത്തിന് ഡല്‍ഹി പൊലീസ് രാവിലെ അനുമതി നല്‍കിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയത്തെിയ യുവാക്കള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തി. സിജെപിയുടെ പ്രതിഷേധത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവതി യുവാക്കള്‍ ജന്തര്‍മന്തറില്‍ എത്തിയിരുന്നു. പാറ്റയുടെ ചിഹ്നം അണിഞ്ഞ ടീഷര്‍ട്ടും ദേശീയപതാകയും കൈയില്‍ കരുതിയാണ് പ്രതിഷേധക്കാര്‍ എത്തിയത്.

പ്രതിഷേധപരിപാടിക്ക് പിന്തുണയുമായി എസ്എഫ്‌ഐ അടക്കം ഇടതുവിദ്യാര്‍ത്ഥിസംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കുചേര്‍ന്നു. സിജെപി മുന്നോട്ട് വയ്ക്കുന്ന ആശയത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇടതുവിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തകരും ജന്തര്‍മന്തറില്‍ എത്തിയത്. പ്രതിഷേധത്തിന് പൂര്‍ണ്ണപിന്തുണയെന്ന് എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു. അതിനിടെ, ജയ് ശ്രീറാം വിളിച്ച് ഒരു സംഘം ബിജെപി അനുകൂല സംഘടനകള്‍ സിജെപിയെ എതിര്‍ത്ത് എത്തി. ഇവരെ പൊലീസ് ജന്തര്‍മന്തറില്‍ നിന്ന് നീക്കി. 10 മണിമുതല്‍ വൈകിട്ട് 5 മണിവരെയാണ് പ്രതിഷേധത്തിന് അനുവദിച്ചിരിക്കുന്ന സമയം. യുഎസില്‍ നിന്ന് ഡല്‍ഹിയിലെത്തിയ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ജന്തര്‍ മന്തറിലെത്തിയതോടെ ആവേശം അണപൊട്ടി. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത് കാത്ത് രാവിലെ തന്നെ സിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. അംബേദ്കറുടെ ആത്മകഥ കയ്യിലേന്തിയാണ് അഭിജിത് സമരസ്ഥലത്തേക്ക് എത്തിയത്.

”നിങ്ങളെ എല്ലാവരെയും കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു. ബുക്കും ദേശീയപതാകയും കൊണ്ടുവരാന്‍ മടിക്കരുത്. നന്ദിയുടെയും സഹാനുഭൂതിയുടെയും പ്രതീകമായി പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കും. സമാധാനവും സ്‌നേഹവും കൊണ്ടായിരിക്കണം നമ്മള്‍ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോവേണ്ടത്” അഭിജിത് ദീപ്‌കെ എക്‌സില്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.

പ്ലക്കാര്‍ഡുകളുമായി നിരവധി സിജെപി പ്രവര്‍ത്തകരാണ് ജന്തര്‍ മന്തറില്‍ തടിച്ചുകൂടിയിരിക്കുന്നത്. പ്രതിഷേധ സ്ഥലത്ത് വിതരണം ചെയ്ത ലഘുലേഖയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമര്‍പ്പിച്ച പെറ്റീഷനില്‍ 8 ലക്ഷത്തില്‍ അധികം പേരാണ് ഒപ്പിട്ടതെന്നും ലഘുലേഖയില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി സിജെപിയുടെ ആഹ്വാനപ്രകാരം ദേശീയപാതകയടക്കം കൈയിലേന്തിയാണ് പ്രതിഷേധത്തിന് ആളുകള്‍ എത്തിയത്. സിജെപിയുടെ പാറ്റ ചിഹ്നമുള്ള ടീഷര്‍ട്ട് അണിഞ്ഞുമാണ് പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. ഡല്‍ഹി കൂടാതെ മഹാരാഷ്ട്ര, യുപി, രാജസ്ഥാന്‍ മുതല്‍ തമിഴ്‌നാട് ആന്ധ്ര പ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ സിജെപി പ്രതിനിധികളും എത്തി.

ബിജെപിയുടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ പ്രതിഷേധമെന്ന് പ്രവര്‍ത്തകര്‍ പറയുന്നത്. നഗരത്തില്‍ ആയിരത്തില്‍ അധികം പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വിദ്യാഭ്യാസം, തുല്യ അവസരം എന്നിവയുടെ പ്രതീകങ്ങളായി ദേശീയപതാകയും ഒരു പുസ്തകവും കൈവശം വയ്ക്കണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നീറ്റ്, സിബിഎസ്ഇ വിഷയങ്ങളില്‍ ഉയരുന്ന യുവരോഷത്തിന്റെ പ്രതീകമായി സിജെപിയുടെ ജന്തര്‍മന്തറിലെ പ്രതിഷേധം മാറിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പ്രകോപനം ഉണ്ടായാല്‍ അത് നിലവിലെ പ്രതിഷേധത്തിന് കൂടുതല്‍ ഊര്‍ജ്ജമാകുമെന്ന് കണ്ടാണ് പൊലീസും പ്രതിഷേധക്കാരെ തടയുന്നതില്‍ നിന്ന് പിന്‍മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here