ന്യുഡൽഹി: മുഖ്യമന്ത്രി ചർച്ചകൾക്കായി നേതാക്കൾ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഇറങ്ങി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വിഡി സതീശൻ എന്നിവരാണ് കേരള ഹൗസിൽ നിന്ന് എഐസിസി പ്രസിഡന്റിന്റെ വസതിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. നാല് മണിക്കാണ് സംസ്ഥാനത്തെ നേതാക്കളും ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച.
‘കൂടിക്കാഴ്ചക്കായി എഐസിസി പ്രസിഡന്റെ വീട്ടിലേക്ക് പോവുകയാണ്. തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കും എന്ന് മാത്രമായിരുന്നു’ കെപിസിസി അധ്യക്ഷന്റെ പ്രതികരണം. എന്നാൽ, മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാൻ വി.ഡി സതീശൻ തയ്യാറായില്ല. കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എന്നിവരുമായാണ് ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തുക. കേരളത്തിലെത്തിയ നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ചർച്ച രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നത്.
മുഖ്യമന്ത്രിയെ വേഗം തീരുമാനിക്കണമെന്ന നിരീക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ചേരി തിരിഞ്ഞ് പ്രവർത്തകർ തെരുവിലിറങ്ങിയതോടെയാണ് ചർച്ച വേഗത്തിലാക്കിയത്. ഡൽഹിയിലെ വസതിയിലുണ്ടെങ്കിലും കേരള ചർച്ചയിൽ കെ.സി പങ്കെടുത്തിരുന്നില്ല. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും ഹൈക്കമാൻഡ് കാണും. എംഎൽഎമാരുടെ ഭൂരിപക്ഷത്തേക്കാൾ ഉപരി സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ അന്തരിക്ഷം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം.

