ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ നീക്കം. മെയ് 7ന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടിവികെ.
വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനുള്ള 118 സീറ്റുകളുടെ മാന്ത്രിക ഭൂരിപക്ഷത്തിലേക്ക് എത്താനായില്ല. 234 ല്‍ 108 സീറ്റുകളാണ് ടിവികെ നേടിയത്. ഡിഎംകെ 59, എഡിഎംകെ 47, കോൺഗ്രസ് 5, പിഎംകെ 4, മുസ് ലിം ലീഗ് 2, സിപിഐ 2, സിപിഎം 2 എന്നിങ്ങനെയാണ് മറ്റുകണക്കുകൾ.
ജയിച്ച ടിവികെ സ്ഥാനാർഥികളോട് മഹാബലിപുരത്തെ റിസോർട്ടിലേക്ക് മാറാനാണ് പാർട്ടി അധ്യക്ഷൻ വിജയ്‍യുടെ നിർദേശം. ഇന്ന് ചേരുന്ന പാർട്ടി നിയമസഭാകക്ഷി യോഗം വിജയിയെ നേതാവായി തെരഞ്ഞെടുക്കും. 2006ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 96 സീറ്റുകൾ നേടിയ ഡിഎംകെ, സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന സമാന സാഹചര്യമാണ് തമിഴകത്ത് ഒരിക്കല്‍ കൂടി വന്നിരിക്കുന്നത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയെ വൈകാതെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കും. ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത ടിവികെ, ചെറുപാർട്ടികളെ ഒപ്പംകൂട്ടാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ്, സിപിഐ, സിപിഎം, വിടുതലൈ ചിരുതൈഗൾ കച്ചി എന്നിവയുൾപ്പെടെ നിലവിൽ ഡിഎംകെയുടെ സഖ്യത്തിലിരിക്കുന്ന പാർട്ടികളിൽ നിന്നും പിന്തുണ ലഭിക്കുമെന്നാണ് ടിവികെ പ്രതീക്ഷിക്കുന്നത്. ടിവികെയുമായി ചേരാൻ നേരത്തേതന്നെ ശ്രമം നടത്തിയിരുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വം സഖ്യത്തിന് അനുമതി തേടി പാർട്ടി ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കത്തയച്ചതായാണ് വിവരം.
വിജയിയുമായും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും രാഹുൽ ഫോണിൽ സംസാരിക്കുകയും ചെയ്തു. രണ്ട് വീതം സീറ്റുകളുള്ള ഇടതുപാർട്ടികളും മുസ്ലിം ലീഗും ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്.

