കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ദുർഗ്ഗാ ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നു. പ്രാദേശികമായ തർക്കങ്ങളെയും ഭരണപരമായ നിയന്ത്രണങ്ങളെയും തുടർന്ന് വർഷങ്ങളായി ഈ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. പ്രദേശത്തെ വിവിധ വിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന തർക്കങ്ങളും സംഘർഷാവസ്ഥയുമാണ് ക്ഷേത്രം ദീർഘകാലം അടച്ചിടാൻ ഇടയാക്കിയത്. പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ക്ഷേത്രത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.
തിങ്കളാഴ്ച നടന്ന ചടങ്ങിൽ നൂറുകണക്കിന് ഭക്തരും ബിജെപി പ്രവർത്തകരും ചേർന്നാണ് വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ക്ഷേത്രത്തിന്റെ വാതിലുകൾ തുറന്നത്. പശ്ചിമ ബർദ്ധമാൻ ജില്ലയിലെ ഒമ്പത് നിയമസഭാ സീറ്റുകളിലും ബിജെപി വിജയിച്ചതിന് പിന്നാലെയാണ് ഈ നടപടി.
അസൻസോൾ നോർത്തിൽ നിന്നുള്ള പുതിയ ബിജെപി എംഎൽഎ കൃഷ്ണന്ദു മുഖർജിയാണ് ക്ഷേത്രം തുറക്കാൻ മുൻകൈ എടുത്തത്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ക്ഷേത്രം വർഷം മുഴുവൻ തുറന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം നേരത്തെ വാഗ്ദാനം നൽകിയിരുന്നു. ശ്രീ ശ്രീ ദുർഗ്ഗാമാതാ ചാരിറ്റബിൾ ട്രസ്റ്റ് നിയന്ത്രിക്കുന്ന ഈ ക്ഷേത്രത്തിൽ, മുമ്പ് ദുർഗ്ഗാ പൂജ, ലക്ഷ്മി പൂജ തുടങ്ങിയ ആഘോഷ വേളകളിൽ മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ക്ഷേത്രം പൂർണ്ണമായി തുറന്നത് പ്രദേശത്തെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമായാണ് ജനങ്ങൾ കാണുന്നത്.
#WATCH | A Durga temple, managed by the Shri Shri Durgamata Charitable Trust in West Bengal's Asansol, reopened to devotees after remaining shut for several years.
BJP leader Agnimitra Paul won the Asansaol Dakshin seat with a margin of 40,839 votes. pic.twitter.com/CojN84s6mp
— ANI (@ANI) May 5, 2026
15 വർഷത്തെ മമത ബാനർജിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് 293 സീറ്റുകളിൽ 206 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. തൃണമൂൽ കോൺഗ്രസിന് (ടിഎംസി) 80 സീറ്റുകൾ മാത്രമാണ് നേടാനായത്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലായി നടന്ന വോട്ടെടുപ്പിൽ 92 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായക തിരഞ്ഞെടുപ്പായിരുന്നു ബംഗാളിലേത്.

