വെടിനിർത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ; പാകിസ്താന്റെ മധ്യസ്ഥതക്ക് പ്രശംസ

0
9

റിയാദ്: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തുപകരുന്ന നിർണായക നീക്കമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നടത്തിയ പ്രഖ്യാപനങ്ങളെത്തുടർന്നാണ് സൗദിയുടെ പ്രതികരണം.

വെടിനിർത്തൽ കരാറിലെത്തുന്നതിനായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് സൈനിക മേധാവി ജനറൽ ആസിം മുനീറും നടത്തിയ ക്രിയാത്മകമായ ഇടപെടലുകളെ സൗദി അറേബ്യ പ്രത്യേകം പ്രശംസിച്ചു. മേഖലയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അസ്ഥിരത പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് രാജ്യം പൂർണ പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുറന്നു നൽകേണ്ടത് അത്യാവശ്യമാണെന്ന് സൗദി ഊന്നിപ്പറഞ്ഞു. ഈ വെടിനിർത്തൽ മേഖലയിൽ സുസ്ഥിരമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, രാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള നയങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും എല്ലാ കക്ഷികളും പിന്തിരിയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here