ദില്ലി:ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്‍റിൽ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് ടീമിലെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് ബിസിസിഐ. സൺറൈസേഴ്സ് ലീഡ്‌സിന്‍റെ തീരുമാനത്തിൽ ബിസിസിഐക്ക് ഇടപെടാനാവില്ലെന്നും ഫ്രാഞ്ചൈസി തന്നെയാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്നും ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം പാക് താരത്തെ സ്വന്തമാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ വിശദീകരണം. ഇക്കാര്യം ഐപിഎല്ലുമായി ബന്ധപ്പെട്ട ഒന്നല്ല. ഇതൊരു വിദേശ ലീഗാണ്, അതിനാൽ ബിസിസിഐയുടെ പരിധിയിൽ വരുന്നതല്ല ഇത്. ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല. ഫ്രാഞ്ചൈസി തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്-രാജീവ് ശുക്ല പറഞ്ഞു.
ടി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള അബ്രാർ അഹമ്മദിനെ ഏകദേശം 2.35 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) കാവ്യ മാരന്‍റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത്. ആദിൽ റഷീദിനെ ലഭിക്കാതെ വന്നതോടെയാണ് ഒരു ‘മിസ്റ്ററി സ്പിന്നർ’ എന്ന നിലയിൽ അബ്രാറിനെ തേടിപ്പോയതെന്ന് ടീം കോച്ച് ഡാനിയൽ വെട്ടോറി താരലേലത്തിനുശേഷം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നീക്കം ഇന്ത്യൻ ആരാധകർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുസ്തഫിസുർ റഹ്മാനെ ടീമിലെടുത്തപ്പോഴും സമാനമായ പ്രതിഷേധം ഉയർന്നിരുന്നു. അന്ന് ബിസിസിഐ ഇടപെടുകയും കെകെആർ താരത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് 2026 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുകയും പകരം സ്കോട്ട്‌ലൻഡ് ടൂർണമെന്‍റിൽ കളിക്കുകയും ചെയ്തിരുന്നു.
അബ്രാറിനെ ടീമിലെടുത്തതിന് പിന്നാലെ സൺറൈസേഴ്സ് ലീഡ്‌സിന്‍റെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഫ്രാഞ്ചൈസി തയ്യാറാകുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.

