43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

0
19

ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു.

ഫൈനലിലേക്ക് മുന്നേറിയതോടെ ഐസിസി ടൂർണമെന്റുകളിൽ തുടർച്ചായി ഏറ്റവും കൂടുതൽ തവണ ഫൈനലിലെത്തുന്ന ടീമായും ഇന്ത്യ മാറി. ഇത് ഇന്ത്യയുടെ നാലാമത്തെ തുടർച്ചയായ ഫൈനലാണ്. 2023 ഐസിസി ഏകദിന ലോകകപ്പ്, 2024 ഐസിസി ടി-20 ലോകകപ്പ്, 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി, 2026 ഐസിസി ടി-20 എന്നീ ടൂർണമെന്റുകളിലാണ്‌ ഇന്ത്യ തുടർച്ചയായി ഫൈനലിലെത്തിയത്.

മൂന്ന് തവണ തുടർച്ചയായി ഫൈനലിലേക്ക് മുന്നേറിയ വെസ്റ്റ് ഇൻഡീസിനെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്. 1975 ലോകകപ്പ്, 1979 ലോകകപ്പ്, 1983 ലോകകപ്പ് എന്നീ ടൂർണമെന്റുകളിലാണ് വിൻഡീസ് ഫൈനൽ കളിച്ചത്. ഇന്ത്യ സൗരവ് ഗാംഗുലിയുടെ കീഴിലും മൂന്ന് തവണ തുടർച്ചയായി ഫൈനലിൽ എത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫി 2000, 2002, 2003 ഏകദിന ലോകകപ്പ് എന്നീ ടൂർണമെന്റുകളിലാണ് ഇന്ത്യ യോഗ്യത നേടിയത്.

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിൽ മിന്നും പ്രകടനം പുറത്തെടുത്തത് മലയാളി താരം സഞ്ജു സാംസൺ ആയിരുന്നു. 42 പന്തിൽ 89 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സഞ്ജു തന്നെയാണ്. സഞ്ജുവിന് പുറമെ ഇന്ത്യക്ക് വേണ്ടി ശിവം ദുബെ (43), ഇഷാൻ കിഷൻ (39), ഹാർദിക് പാണ്ഡ്യ (27), തിലക് വർമ്മ (21) എന്നിവരും സ്കോർ ചെയ്തു.

മത്സരത്തിൽ അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ബുംറയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.  പതിനെട്ടാം ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി ഇംഗ്ലണ്ടിനെ കടുത്ത സമ്മർദ്ദത്തിലാക്കുകയായിരുന്നു. ജേക്കബ് ബെഥേലും സാം കറനും ചേർന്ന സഖ്യത്തിന് സ്കോറിംഗ് ഉയർത്താൻ സാധിക്കാതെ പിടിച്ചുനിർത്താൻ ബുംറയ്ക്ക് സാധിച്ചതാണ് മത്സരത്തിൽ നിർണായകമായത്. ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബെഥേൽ സെഞ്ച്വറി നേടി അവസാന വരെ പോരാടിയിട്ടും ഇംഗ്ലണ്ട് ഏഴ് റൺസകലെ പരാജയം സമ്മതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here