Home Gulf ഒപ്പമുണ്ട് യുഎഇ; സന്ദർശകരുടെ താമസം നീട്ടണം, ചെലവ് സർക്കാർ വഹിക്കും; ഹോട്ടലുകൾക്ക് നിർദേശംനൽകി ഭരണകൂടം

ഒപ്പമുണ്ട് യുഎഇ; സന്ദർശകരുടെ താമസം നീട്ടണം, ചെലവ് സർക്കാർ വഹിക്കും; ഹോട്ടലുകൾക്ക് നിർദേശംനൽകി ഭരണകൂടം

0
19

ദുബായ്: യാത്ര മുടങ്ങി കുടുങ്ങിപ്പോയ യാത്രക്കാർക്ക് കരുതലുമായി ദുബായ്, അബുദാബി ഭരണകൂടങ്ങൾ. വിമാനസർവീസുകളടക്കം മുടങ്ങിയതിനാൽ കുടുങ്ങിപ്പോയ അന്താരാഷ്ട്ര സന്ദർശകരുടെ താമസസൗകര്യം നീട്ടിനൽകാൻ ദുബായ്, അബുദാബി ഭരണകൂടങ്ങൾ ഹോട്ടലുകൾക്ക് നിർദേശം നൽകി. അതിഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകണമെന്നും രാജ്യംവിടാൻ കഴിയാത്ത യാത്രക്കാരോട് മുറികൾ ഒഴിയാൻ ആവശ്യപ്പെടരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ദുബായിലെ സാമ്പത്തിക-ടൂറിസം വകുപ്പ് ഔദ്യോഗികമായി തന്നെ ഇക്കാര്യങ്ങളെല്ലാം ഹോട്ടൽ മാനേജർമാരെ അറിയിച്ചതായാണ് ഗൾഫ് ന്യൂസിന്റെ റിപ്പോർട്ട്. ഹോട്ടലുകളിലുള്ള അതിഥികൾക്ക് അവരുടെ ബുക്കിങ്ങിങ് നിബന്ധനകൾക്കനുസരിച്ച് താമസം നീട്ടി നൽകണമെന്നും സന്ദർശകർക്ക് താമസസൗകര്യത്തിന് തടസ്സമില്ലെന്ന് ഹോട്ടലുകൾ ഉറപ്പുവരുത്തണമെന്നും അധികൃതർ നൽകിയ നിർദേശത്തിൽ പറയുന്നു. താമസം നീട്ടുന്നതിനുള്ള അധികചെലവ് വഹിക്കാൻ കഴിയാത്തവരോട് മുറി ഒഴിയാൻ ആവശ്യപ്പെടരുത്. ഇത്തരം സന്ദർഭങ്ങളിൽ ഇവരുടെ ബുക്കിങ് വിവരങ്ങളും താമസംനീട്ടിയതിന്റെ വിശദാംശങ്ങളും മറ്റും വകുപ്പിനെ ഉടൻ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

അബുദാബിയിൽ അധികചെലവ് സർക്കാർ വഹിക്കും…

അബുദാബിയിൽ കുടുങ്ങിപ്പോയ സന്ദർശകർക്ക് വിപുലമായ സഹായങ്ങളാണ് ഭരണകൂടം ഉറപ്പുവരുത്തിയിരിക്കുന്നത്. ഇവരുടെ താമസത്തിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.

യാത്രാസൗകര്യങ്ങൾ പുനരാരംഭിക്കുംവരെ അതിഥികൾക്ക് താമസം തുടരാൻ സൗകര്യമൊരുക്കണമെന്നാണ് അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് ഹോട്ടലുകൾക്ക് അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ചെലവ് വകുപ്പ് വഹിക്കുമെന്നും ഇൻവോയ്‌സുകൾ നേരിട്ട് വകുപ്പിന് സമർപ്പിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here