ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്താകുക. ഫോര്‍മാറ്റിലെ രണ്ട് വര്‍ഷത്തോളമായുള്ള ആധിപത്യത്തിന് ഇങ്ങനെയൊരു ക്ലൈമാക്സ് സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ആഗ്രഹിക്കുന്നുണ്ടാകില്ല. അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹുമിലിയേഷനായി കാലം ആ നിമിഷത്തെ അടയാളപ്പെടുത്തും. ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിയും സിംബാബ്‌വെയ്ക്ക് എതിരെ വെസ്റ്റ് ഇൻഡീസ് നേടിയ പടുകൂറ്റൻ ജയവും. ഈ രണ്ട് മത്സരങ്ങള്‍ക്കൊണ്ട് ടൂര്‍ണമെന്റിലെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടമായിരിക്കുന്നു.
കിരീടം പ്രതിരോധിക്കുക എന്ന വെല്ലുവിളി പൂര്‍ത്തീകരിക്കണമെങ്കില്‍ അവശേഷിക്കുന്ന മത്സരങ്ങളിലെ ജയങ്ങള്‍ മാത്രം പോര, ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ സഹായവും വേണം. ഇത്തരമൊരു സാഹചര്യത്തിലേക്ക് ഇന്ത്യ എടുത്തെറിയപ്പെടുമെന്ന് തലമുതിര്‍ന്ന ക്രിക്കറ്റ് പണ്ഡിതര്‍ പോലും കരുതിയിരുന്നില്ല. സിംബാബ്‌വെയ്ക്ക് എതിരായ മത്സരത്തിനിറങ്ങുമ്പോള്‍ പോളിച്ചെഴുത്തുകള്‍ അനിവാര്യമാണെന്ന് പ്രോട്ടിയാസിനെതിരായ മത്സരം തെളിയിച്ചു. എന്തൊക്കെ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയാറാകണം.
എതിരാളികളുടെ ഓഫ് സ്പിൻ ട്രാപ്പ് അതിജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആദ്യ ഓവറില്‍ തന്നെ ഓഫ് സ്പിന്നര്‍ക്ക് വിക്കറ്റ് നല്‍കിയാണ് അഭിഷേക് ശര്‍മയും ഇഷാൻ കിഷനും മടങ്ങിയത്. സിക്കന്ദര്‍ റാസ, ബ്രയാൻ ബെന്നറ്റ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ സിംബാബ്‌വെയ്ക്കുണ്ട്. സഞ്ജു സാംസണിന്റെ പ്ലേയിങ് ഇലവനിലേക്കുള്ള മടങ്ങിവരവാണ് ഇതിനുള്ള പരിഹാരം
സഞ്ജു ഓപ്പണറായി എത്തിയാല്‍ ഓഫ് സ്പിന്നര്‍മാരെത്തുമ്പോള്‍ അഭിഷേക് ശര്‍മയ്ക്കോ ഇഷാൻ കിഷനോ അഗ്രസീവായി കളിക്കേണ്ട ആവശ്യകതയില്ല. മറിച്ച് സഞ്ജുവിന് അറ്റാക്കിങ് റോള്‍ എടുക്കാം. സ്ട്രൈക്ക് റൊട്ടേഷൻ മാത്രം ചെയ്താല്‍ മതിയാകും ഇടം കയ്യൻ ബാറ്റര്‍മാര്‍ക്ക്. ഇനി ലെഗ് സ്പിന്നാണ് റാസയുടെ തന്ത്രമെങ്കില്‍ അഭിഷേകിനോ ഇഷാനോ സ്വന്തം ശൈലിയില്‍ തുടരാനും കഴിയും, ഇവിടെ സഞ്ജുവിന്റെ ദൗത്യം സ്ട്രൈക്ക് റോട്ടേഷനാകുകയും ചെയ്യും. സിംബാബ്‌വയുടെ ഏത് സ്പിൻ പദ്ധതിയേയും തകര്‍ക്കാനാകും സഞ്ജു ഓപ്പണിങ് സ്ലോട്ടിലേക്ക് എത്തുമ്പോള്‍.
സഞ്ജുവിന് ഓപ്പണറുടെ കുപ്പായം തിരികെ നല്‍കാൻ മാനേജ്മെന്റ് തയാറായാല്‍ അഭിഷേകോ ഇഷാനോ മൂന്നാം നമ്പറിലേക്ക് ഇറങ്ങേണ്ടതായി വരും. ഇരുവരിലാരെയെങ്കിലും പുറത്തിരുത്താൻ മാനേജ്മെന്റ് തയാറായേക്കില്ല. അതുകൊണ്ട് ഇഷാന് മൂന്നാം നമ്പര്‍ നല്‍കുന്നത് ഉചിതമായ തീരുമാനമായേക്കും. കാരണം ന്യൂസിലൻഡ് പരമ്പരയില്‍ വണ്‍ ഡൗണായി ക്രീസിലെത്തി സെഞ്ചുറിയും അര്‍ദ്ധ ശതകവും ഇഷാൻ കുറിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തിലക് വര്‍മയോ റിങ്കു സിങ്ങോ ബെഞ്ചിലിരിക്കേണ്ടി വന്നേക്കും.
നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ രണ്ട് പേരുടേയും പ്രകടനങ്ങള്‍ ഇന്ത്യ ശുഭസൂചന നല്‍കുന്നതല്ല. തിലക് ലോകകപ്പില്‍ ബാറ്റ് ചെയ്യുന്നത് 119 സ്ട്രൈക്ക് റേറ്റിലും റിങ്കു 82 സ്ട്രൈക്ക് റേറ്റിലുമാണ്. താരതമ്യം ചെയ്യുമ്പോള്‍ തിലകിനെയാണ് ഒഴിവാക്കുന്നതെങ്കില്‍ അത് കടുത്ത തീരുമാനമായേക്കും. സഞ്ജു-അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ടാണെങ്കില്‍ വിക്കറ്റ് വീഴുന്നതനുസരിച്ച് സൂര്യ-ഇഷാൻ ദ്വയത്തെ മൂന്നാം നമ്പറില്‍ മാറി മാറി പരീക്ഷിക്കുന്നതും ഉചിതമാകും. ലെഫ്റ്റ് – റൈറ്റ് കോമ്പിനേഷൻ നിലനിര്‍ത്താനും കഴിയും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ വരുണ്‍ ചക്രവര്‍ത്തി തിളങ്ങാതെ പോയതായിരുന്നു ഇന്ത്യ നേരിട്ട തിരിച്ചടികളിലൊന്ന്. മധ്യ ഓവറുകളിലെ വരുണിന്റെ വിക്കറ്റ് ടേക്കിങ് എബിലിറ്റിയായിരുന്നു ടൂര്‍ണമെന്റിലുടനീളം ഇന്ത്യയെ സഹായിച്ചതും. വരുണിന് ഓഫ് ഡെ സംഭവിച്ചതോടെ സൂര്യകുമാര്‍ യാദവിന് ബാക്ക് പ്ലാൻ ഇല്ലാതെ പോയി. വാഷിങ്ടണ്‍ സുന്ദറിനേയും ശിവം ദുബെയേയും പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് തുടങ്ങി വിക്കറ്റ് ടേക്കിങ് എബിലിറ്റിയുള്ള ബൗളര്‍മാര്‍ ഡഗൗട്ടിലുണ്ട്. അതുകൊണ്ട് സിംബാബ്‌വെയ്ക്ക് എതിരെ അക്സര്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതകളുണ്ട്. 2024 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ മുൻനിര തകര്‍ന്നപ്പോഴെല്ലാം അക്സറിന് സ്ഥാനക്കയറ്റം നല്‍കിയായിരുന്നു രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും പരിഹാരം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വാഷിങ്ടണ്‍ സുന്ദറിലൂടെ സമാന തന്ത്രമാണ് ഗംഭീര്‍ പ്രയോഗിച്ചതെങ്കിലും പരാജയപ്പെടുകയായിരുന്നു.
സഞ്ജുവിന്റേയും അക്സര്‍ പട്ടേലിന്റേയും തിരിച്ചുവരവ് ഇന്ത്യയ്ക്ക് കൂടുതല്‍ സ്റ്റബിലിറ്റിയും നല്‍കും. ഇനിയും തന്ത്രങ്ങള്‍ പിഴച്ചാല്‍ ഇന്ത്യയുടെ ലോകകപ്പ് യാത്ര സൂപ്പര്‍ എട്ടില്‍ അവസാനിക്കും.

