ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും കാണില്ല. വിദൂരദിക്കുകളില്‍ കഴിയുന്നവരോട് ബന്ധം പുലര്‍ത്താനും ഞൊടിയിടയില്‍ വിവരങ്ങള്‍ കൈമാറാനുമായി വാട്സ്ആപ്പ് ഉപയോഗപ്പെടുത്തുന്നവരും ചില്ലറയല്ല.
സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിലും വാട്സ്ആപ്പ് അക്കൗണ്ടിന് പെര്‍മനന്‍റ് ബാന്‍ ലഭിക്കുന്ന നാല് കാര്യങ്ങളിലേക്ക് എപ്പോഴെങ്കിലും നിങ്ങളുടെ ശ്രദ്ധയെത്തിയിട്ടുണ്ടോ? അധികപേരും ഇതുവരെയും അക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകാണില്ല. എന്നാല്‍, ഈ നാല് കാര്യങ്ങള്‍ സ്ഥിരമായി ആവര്‍ത്തിക്കുന്നതിലൂടെ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് മുന്നറിയിപ്പൊന്നും കൂടാതെ അനിശ്ചിതകാലത്തേക്ക് ബാന്‍ ചെയ്യപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ടെക് വിദഗ്ദര്‍.
വാട്സ്ആപ്പിന്‍റെ ഔദ്യോഗിക ഹെല്‍പ്പ് സെന്ററിന്റെ നിര്‍ദേശപ്രകാരം, ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതോ സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ അനിശ്ചിതകാലത്തേക്ക് നിങ്ങളുടെ വാട്സ്ആപ്പിന് ബാന്‍ ലഭിച്ചേക്കാം.
ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കാം
1. അനൗദ്യോഗികവും മോഡിഫൈ ചെയ്തതുമായ വാട്സ്ആപ്പുകളുടെ ഉപയോഗം
ജിബി, യോ, വാട്സ്ആപ്പ് പ്ലസ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുമെങ്കിലും വാട്സ്ആപ്പ് അനിശ്ചിതകാലത്തേക്ക് നഷ്ടപ്പെടാനിടയാക്കിയേക്കും. ഈ ആപ്പുകള്‍ ഉപഭോക്താവിന്റെ സുരക്ഷ ദുര്‍ബലമാക്കുകയും ഫോണിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ആപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ടുകള്‍ മുന്നറിയിപ്പൊന്നും കൂടാതെ നഷ്ടപ്പെടാനിടയുണ്ട്.
2. ബ്രോഡ്കാസ്റ്റ് സന്ദേശങ്ങള്‍ പോലെയുള്ള ബള്‍ക്ക് സന്ദേശങ്ങള്‍ തുടർച്ചയായി അയക്കുക
കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവരോ അപരിചിതരുടെ ഗ്രൂപ്പില്‍ നിന്ന് തെരഞ്ഞുപിടിച്ച നമ്പറുകളിലേക്കോ വലിയ തോതില്‍ സന്ദേശങ്ങള്‍ അയക്കുന്നത് ഉപകരണത്തെയും വാട്സ്ആപ്പിനെയും ദോഷകരമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഒന്നിലധികം തവണ ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ ബാന്‍ കിട്ടാനുള്ള സാധ്യതയേറെയാണ്.
3. ആള്‍മാറാട്ടം, ഭീഷണി എന്നിവയ്ക്കായുള്ള സന്ദേശങ്ങള്‍
ആളുകള്‍ക്ക് പതിവായി ഉപദ്രവകരമായ രീതിയില്‍ സന്ദേശങ്ങളയക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്യുന്ന അക്കൗണ്ടുകളെ വാട്സ്ആപ്പ് പെര്‍മനന്റായി നിരോധിക്കാറുണ്ട്. വെറുപ്പ് ഉത്പാദിപ്പിക്കുന്ന കണ്ടന്റുകള്‍ പ്രചരിപ്പിക്കുക, ബ്ലാക്ക്‌മെയില്‍ സന്ദേശങ്ങള്‍, ഭീഷണി എന്നിവയടങ്ങിയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചാലും പണികിട്ടും.
4. മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടുള്ള ഉപയോഗം
ചില സന്ദർഭങ്ങളിൽ വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലികമായ മുന്നറിയിപ്പുകളൊക്കെ നല്‍കാറുണ്ട്. മുന്നറിയിപ്പ് ലഭിച്ചതിന് ശേഷവും അതേ പ്രവര്‍ത്തി ആവര്‍ത്തിക്കുകയാണെങ്കില്‍ അനിശ്ചിതകാലത്തേക്ക് അക്കൗണ്ട് നിരോധിക്കപ്പെട്ടേക്കാമെന്നാണ് ടെക് ഭീമന്മാരുടെ നിരീക്ഷണം. തുടര്‍ച്ചയായ ലംഘനങ്ങളും വാട്സ്ആപ്പിന്റെ സുഗമമായ ഉപയോഗത്തിന് തലവേദനയാകും.
വാട്സ്ആപ്പിൽ സ്വാഭാവികമായുണ്ടാകുന്ന പ്രശ്‌നങ്ങളേക്കാളേറെ ഉപഭോക്താവിനെ വലക്കുന്നതായിരിക്കും അനിശ്ചിതകാലത്തേക്കുള്ള ബാന്‍ പോലുള്ള നീക്കം. ഇതിലൂടെ, വാട്സ്ആപ്പിൽ നിങ്ങള്‍ നടത്തിയിരുന്ന ചാറ്റുകള്‍, ഇടപെട്ടുകൊണ്ടിരുന്ന ഗ്രൂപ്പുകള്‍, ബിസിനസ് കോണ്‍ടാക്ടുകള്‍, നമ്പറുമായി ലിങ്ക് ചെയ്തിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിലച്ചുപോയേക്കാം. സുഗമമായ ഉപയോഗത്തിനായി വാട്സ്ആപ്പ് പലപ്പോഴായി നിഷ്‌കര്‍ഷിച്ച നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നതാണ് മികച്ച നീക്കം.

