ഉപ്പള: കാസർകോട് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷയായി മാറുകയാണ് സിറ്റിസൺ ഉപ്പളയുടെ സബ് ജൂനിയർ വിഭാഗം മുന്നേറ്റ താരം ഇബ്രാഹിം റംസാൻ. പരേതനായ ഉപ്പളയിലെ ബി.എം ഇബ്രാഹിമിൻ്റെ ചെറുമകനും ഉപ്പള ബപ്പായിത്തൊട്ടിയിലെ റിസ്‌വാൻ–സായിറ ദമ്പതികളുടെ മകനുമാണ് റംസാൻ.
മുട്ടം കുനിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ റംസാൻ, സ്ക്കൂൾ ടീമിന് വേണ്ടിയും സിറ്റിസൺ ഉപ്പളയുടെ സബ് ജൂനിയർ ടീമിനു വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെക്കുകയും, തുടർന്ന് കാസർകോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ സെലക്ഷൻ ട്രയൽസ് വഴിയാണ് ജില്ലാ സബ് ജൂനിയർ ടീമിൽ ഇടം നേടിയത്. ചെറുപ്രായത്തിൽ തന്നെ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് താരത്തിന്റെ ഭാവി മികച്ചതാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
റംസാൻ്റെ ജില്ലാ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് സിറ്റിസൺ ഉപ്പളയ്ക്കും ഉപ്പളയുടെ കായികരംഗത്തിനും അഭിമാനമായി. റംസാൻ ജില്ലാ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച് ഫുട്ബോൾ രംഗത്ത് കൂടുതൽ ഉയരങ്ങളിലെത്തുമെന്ന പ്രത്യാശയിലാണ് ക്ലബ്ബംഗങ്ങളും സ്ക്കൂൾ അധികൃതരും കുടുംബാംഗങ്ങളും.

