മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തില്ലെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രതിബദ്ധതയുണ്ടെന്നും ഭാഷാ വികാരങ്ങളില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.
ബി ജെ പി ശക്തികേന്ദ്രമായ തീരദേശ കര്‍ണാടകയില്‍ സ്വാധീനം ശക്തമാക്കാന്‍ തീരുമാനം സഹായിക്കുമെന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിവക്കൊപ്പം തുളു ഒരു പ്രധാന ദക്ഷിണേന്ത്യന്‍ ദ്രാവിഡ ഭാഷയാണ്. 2011 ലെ സെന്‍സസ് പ്രകാരം ഏകദേശം 1.85 ദശലക്ഷം ആളുകള്‍ ഇത് സംസാരിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. പ്രധാനമായും ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ശിവമോഗ ജില്ലകളിലാണ് തുളു സംസാരിക്കുന്നവര്‍ കൂടുതലായുള്ളത്. തുളു സംസാരിക്കുന്ന പ്രദേശത്തിന്റെ ഒരു ഭാഗം തുളുനാട് എന്നറിയപ്പെടുന്നു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങളിലും തുളു സംസാരിക്കുന്നവരുണ്ട്.
എം വീരപ്പമൊയ്ലി മുഖ്യമന്ത്രിയായിരുന്ന 1994 കാലത്താണ് കര്‍ണാടക തുളു സാഹിത്യ അക്കാദമി സ്ഥാപിതമായത്. ശേഷം തുളുവിനെ ഒരു അധിക ഔദ്യോഗിക ഭാഷയായി അംഗീകരിക്കാനുള്ള നിര്‍ദേശവുമായി ബന്ധപ്പെട്ട് അതിന്റെ ചരിത്രപരമായ പ്രാധാന്യവും ഭരണപരമായ സാധ്യതയും പരിശോധിക്കുന്ന നിരവധി കമ്മിറ്റികള്‍ രൂപവത്കൃതമായി. ആദ്യത്തേത് അരവിന്ദ് ലിംബാവലി കന്നഡ സാംസ്കാരിക മന്ത്രിയായിരുന്ന കാലത്തായിരുന്നു. തുളുവിനെ ഔദ്യോഗികമായി അംഗീകരിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യാന്‍ കന്നഡ സാംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥരും കര്‍ണാടക തുളു സാഹിത്യ അക്കാദമി പ്രതിനിധികളും 2021 ആഗസ്റ്റില്‍ യോഗം ചേര്‍ന്നിരുന്നു. കന്നഡ ഭാഷയുടെ പദവി മാറ്റാതെ, നിര്‍ദിഷ്ട ഭരണപരമായ ആവശ്യങ്ങള്‍ക്കായി തുളുവിനെ ‘രണ്ടാം ഔദ്യോഗിക ഭാഷ’ ആക്കുന്നതിനും ‘അധിക ഔദ്യോഗിക ഭാഷ’ ആയി അംഗീകരിക്കുന്നതിനും ഇടയിലുള്ള വ്യത്യാസമായിരുന്നു പ്രധാന പ്രശ്നം.
മോഹന്‍ ആല്‍വ നേതൃത്വം നല്കുന്ന ഒരു കമ്മിറ്റി 2023 ഫെബ്രുവരിയില്‍ ഇത് സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുളുവിന്റെ ചരിത്രവും സംസ്കാരവും, ജനസംഖ്യ, തുളുവിന്റെ നേട്ടങ്ങളും സംഭാവനകളും, തുളുവിനും കന്നഡക്കും ഇടയിലുള്ള ചരിത്രപരമായ ബന്ധം എന്നിവയെല്ലാം റിപോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, നിര്‍ദേശത്തില്‍ പിന്നീട് കാര്യമായ പുരോഗതി ഉണ്ടായില്ല. 2023 ജൂണില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നതിനുശേഷം പുത്തൂര്‍ എം എല്‍ എ. റായിയും നിയമസഭാ സ്പീക്കര്‍ യു ടി ഖാദറും വിഷയം ഏറ്റെടുത്തു. തുടര്‍ന്ന് ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ അധിക ഔദ്യോഗിക ഭാഷകള്‍ എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് അവര്‍ വിവരങ്ങള്‍ തേടി. ഇതിന്റെ ഭാഗമായി, കന്നഡ,സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ കെ എം ഗായത്രിയുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രതിനിധി സംഘം 2026 ജനുവരിയില്‍ ആന്ധ്രാപ്രദേശ് സന്ദര്‍ശിച്ചു. ദക്ഷിണ കന്നഡ ജില്ലയെ മംഗളൂരു എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശവും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. ജയ് തുളുനാടും കര്‍ണാടക തുളു സാഹിത്യ അക്കാദമിയും പുത്തൂര്‍ കോണ്‍ഗ്രസ്സ് എം എല്‍ എ. അശോക് കുമാര്‍ റായ്, ദക്ഷിണ കന്നഡ ബി ജെ പി എം പി. ബ്രിജേഷ് ചൗട്ട തുടങ്ങിയവരും തുളുവിന് ഔദ്യോഗിക ഭാഷാ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

