ബംഗളൂരു: അധ്യാപകർ സമൂഹത്തിന് നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ മാനിച്ച്, സംസ്ഥാനത്തെ അധ്യാപകരുടെ പേരുകൾക്ക് മുന്നിൽ ‘Tr’ എന്ന വിശേഷണം ഉപയോഗിക്കാൻ അനുമതി നൽകുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ നിർണ്ണായക പ്രഖ്യാപനം.
ഡോക്ടർമാർക്ക് ‘Dr’, എഞ്ചിനീയർമാർക്ക് ‘Er’, പ്രൊഫസർമാർക്ക് ‘Prof’ എന്നിവ നൽകുന്നത് പോലെ ഒരു ഔദ്യോഗിക പദവിയായി ഇനി മുതൽ അധ്യാപകർക്കും തങ്ങളുടെ പേരിന് മുന്നിൽ ‘Tr’ എന്ന് ചേർക്കാം.
നാടിനെ പുനർനിർമ്മിക്കുന്ന ഓരോ വ്യക്തിയെയും വാർത്തെടുക്കുന്നത് അധ്യാപകരാണെന്ന് ഡി.കെ. ശിവകുമാർ എക്സിൽ (X) കുറിച്ചു. “കർണാടകയിലെ 4.5 ലക്ഷത്തോളം വരുന്ന അധ്യാപകർ ഉൾപ്പെടെ, ഇന്ത്യയിലെ ഒരു കോടിയിലധികം വരുന്ന അധ്യാപകസമൂഹം ദിവസേന നമ്മുടെ കുട്ടികളുടെ ബുദ്ധിയെയും സ്വഭാവത്തെയും ഭാവിത്തെയുമാണ് രൂപപ്പെടുത്തുന്നത്.
മനുഷ്യരെ ചികിത്സിക്കുന്ന ഡോക്ടർ, നിർമ്മാണം നടത്തുന്ന എഞ്ചിനീയർ, ഭക്ഷണം നൽകുന്ന കർഷകൻ, സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർ, പുതിയ സംരംഭങ്ങൾ തുടങ്ങുന്ന വ്യവസായികൾ, നമ്മെ നയിക്കുന്ന നേതാക്കൾ എന്നിവരുടെയൊക്കെ വിജയത്തിന് പിന്നിൽ ഒരു അധ്യാപകന്റെ കരങ്ങളുണ്ട്. അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് സാധ്യമായ ലോകം കാണിച്ചുകൊടുത്തത് ആ അധ്യാപകരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

