കുമ്പള: മാധ്യമ പ്രവർത്തകരെന്ന വ്യാജേന സർക്കാർ, പൊതുപരിപാടികളിൽ അനധികൃതമായി ഫോട്ടോ–വീഡിയോ ചിത്രീകരണം നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുമ്പള പ്രസ് ഫോറം മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി എന്നിവർക്ക് നിവേദനം നൽകി.
മഞ്ചേശ്വരം, ഉപ്പള, കുമ്പള മേഖലകളിൽ അംഗീകാരമില്ലാതെ മാധ്യമ പ്രവർത്തകരെന്ന പേരിൽ പ്രവർത്തിക്കുന്നവരുടെ എണ്ണംവർധിച്ചുവരുന്നു.
മന്ത്രിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പ്രവേശിക്കുകയും വേദിയും അനുബന്ധ മേഖലകളും കൈയടക്കുകയും ചെയ്യുന്നത് യഥാർഥ മാധ്യമ പ്രവർത്തകരുടെ തൊഴിൽ നിർവഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയിൽ പറയുന്നു.
വാഹനങ്ങളിൽ അനധികൃതമായി പ്രസ് സ്റ്റിക്കർ പതിച്ച് സഞ്ചരിക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കണം.
മാധ്യമസ്ഥാപനങ്ങളുടെയോ പ്രസ് ക്ലബ്ബുകളുടെയോ
പ്രസ് ഫോറങ്ങളുടെയോ അംഗീകാരമില്ലാതെ മീഡിയ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പണപ്പിരിവും മറ്റ് തട്ടിപ്പുകളും നടത്തുന്നവർക്കെതിരെയും പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തനവുമായി ബന്ധമോ പരിചയമോ ഇല്ലാത്തവർ സമൂഹമാധ്യമ ചാനലുകളുടെ പേരിൽ മാധ്യമ പ്രവർത്തകരായി ചമയുന്നതായും വെബ്‌സൈറ്റോ രജിസ്റ്റർ ചെയ്ത ഡൊമൈനോ ഇല്ലാതെ ഓൺലൈൻ മാധ്യമമെന്ന പേരിൽ പ്രവർത്തിക്കുന്നവരുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മഞ്ചേശ്വരം മേഖലയിൽ പ്രസ് സ്റ്റിക്കർ ഉപയോഗിച്ച് ലഹരി, മണൽക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എസ്കോർട്ട് സേവനം നൽകുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് പ്രസ് ഫോറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.
സർക്കാർ, പൊതുപരിപാടികളിൽ അംഗീകൃത തിരിച്ചറിയൽ പരിശോധനയും പ്രവേശന നിയന്ത്രണവും ഏർപ്പെടുത്തുക, വ്യാജ മാധ്യമ പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കുക, യഥാർഥ മാധ്യമ പ്രവർത്തകരുടെ സുരക്ഷയും തൊഴിൽ സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായി സംസ്ഥാനതല മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക,
മാധ്യമ പ്രവർത്തകരുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.
വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തും. ഓപ്പറേഷൻ തൂഫാൻ മാതൃകയിൽ വ്യാജ മാധ്യമ പ്രവർത്തകർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ് ഫോറം പ്രസിഡന്റ് അബ്ദുല്ല കുമ്പളയും സെക്രട്ടറി ഐ. മുഹമ്മദ് റഫീഖും ആവശ്യപ്പെട്ടു.

