വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

0
26

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാർട്ടി എം.പിയായ അലി ഷാഹിൻ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ സ്വാധീനമുള്ള 500 മുസ്ലിം വ്യക്തികളിൽ ഒരാളായ ശൈഖ് ജിഹാദ് ഹമാദുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ അദ്ദേഹമാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അലി ഷാഹിൻ വ്യക്തമാക്കുന്നു.

സാവോ പോളോയിലെ ഇസ്ലാമിക് ചാരിറ്റബിൾ യൂത്ത് ലീഗ് ആസ്ഥാനം സന്ദർശിച്ച സമയത്തായിരുന്നു ശൈഖ് ജിഹാഗ് ഹമാദുമായുള്ള കൂടിക്കാഴ്ച്ച. മുമ്പ് തുർക്കി ക്ലബ്ബായ ഫെനർബാഷയ്ക്കുവേണ്ടി കാർലോസ് കളിച്ചിരുന്നു. അദ്ദേഹത്തിന്റെ പുതിയ ജീവിതത്തിന് ആശംസകൾ നേരുന്നുവെന്നും അലി ഷാഹിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇതിന് പിന്നാലെ തുർക്കിഷ് മാധ്യമമായ ഹാബർലർ ഉൾപ്പെടെയുള്ളവർ ഈ വാർത്ത റിപ്പോർട്ട് ചെയ്തു. 53-കാരനായ കാർലോസ് നാല് ആഴ്ച്ചകൾക്ക് മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കാർലോസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ബ്രസീൽ താരത്തിന്റെ വിവാഹവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മൊറോക്കൻ വംശജയായ ഫിഫയുടെ അംഗീകൃത പ്ലെയർ ഏജന്റായ സുഹൈല അൽ താഹിരിയുമായുള്ള വിവാഹ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് മതംമാറ്റ വാർത്തകളും സജീവമായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here