വീണ്ടും യുദ്ധഭീതി; ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്

0
34

അങ്കാറ: ഇറാനുമായി വെടിനിര്‍ത്തലിലെത്തിയ ധാരണാപത്രം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള ഇടപാടുകള്‍ വെറും സമയ നഷ്ടമാണെന്നും ട്രംപ് പറഞ്ഞു.  നാറ്റോ ഉച്ചകോടിയുടെ ഭാഗമായി തുര്‍ക്കിയയിലെ അങ്കാറയിലാണ് ട്രംപിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് ധാരണാപത്രം അവസാനിച്ചതായുള്ള ട്രംപിന്റെ പ്രസ്താവന.

കഴിഞ്ഞ രാത്രി ഇറാനെ ശക്തമായി ആക്രമിച്ചതായി ട്രംപ് ചൂണ്ടിക്കാട്ടി. 

‘നിങ്ങള്‍ എപ്പോള്‍ ആക്രമിച്ചാലും തിരിച്ചടിക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നതാണ്. അവര്‍ വൃത്തികെട്ട ആളുകളാണ്. എനിക്ക് ഇഷ്ടമല്ല. അവര്‍ ദുഷ്ടന്മാരാണ്. മാനസികനില തെറ്റിയവര്‍ നയിക്കുന്നിടത്തോളം ഇറാനുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ആ വിഷയം അവസാനിച്ചു കഴിഞ്ഞു. വിഷയം ഇറാനിലെ ആണവായുധ നിരായുധീകരണമാണ്. ഞങ്ങള്‍ ആ രാജ്യത്തെ ആണവമുക്തമാക്കാന്‍ പോകുകയാണ്. ആണവായുധം ഉണ്ടായിരുന്നേല്‍ ഇറാന്‍ അത് ഉപയോഗിച്ചേനെ.’ -ട്രംപ് പറഞ്ഞു.

ഖത്തര്‍, സഊദി ടാങ്കറുകള്‍ ഉള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് യു.എസ് പറയുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരെന്നത് സ്ഥിരീകരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് കടന്നു പോകാന്‍ അനുമതി തേടണമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അനുമതിയില്ലാത്ത കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്നും ഇറാന്‍ അറിയിച്ചിരുന്നു. ഇതിന് പകരമായി ഇറാനില്‍ യു.എസ് ആക്രമണം അഴിച്ചു വിട്ടിരുന്നു.  

ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കാനിരിക്കെയാണ് ഗള്‍ഫ് മേഖലയെ വീണ്ടും ആശങ്കയിലാക്കി അമേരിക്കയുടെ ഈ സൈനിക നീക്കമുണ്ടായത്.

സിറിക്, ഖിഷം, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളിലാണ് അമേരിക്കന്‍ സേനയുടെ വ്യോമാക്രമണമുണ്ടായിരിക്കുന്നത്. ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയാണിതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുന്നു. സിറികിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും, ഇവരെ മിനാബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങള്‍ ഇനിയും തുടരുമെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ഇറാന്‍ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. 

ഇതിനിടെ, യുഎസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഇറാഖ് സന്ദര്‍ശനം വെട്ടിച്ചുരുക്കി തെഹ്‌റാനിലേക്ക് മടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഇറാഖിലെ നജഫിലെത്തിച്ച ഖാംനഈയുടെ മൃതദേഹത്തെ അനുഗമിക്കാനും, ഇറാഖ് സര്‍ക്കാര്‍ പ്രതിനിധികളുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്താനുമായിരുന്നു അദ്ദേഹം ഇറാഖിലെത്തിയത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here