മാസശമ്പളം 15,000 രൂപ; ദിവസവും 8 ലക്ഷം വരെ കവർന്നു; രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ”

0
200

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികളിൽ പലരും ലക്ഷങ്ങൾ വിലയുള്ള ഭൂമിയും കാറുകളും വാങ്ങിയതായും തെളിഞ്ഞു. ഇവയിൽ മിക്കതും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.

കേസിലെ പ്രതികളിലൊരാളായ അവിനാശ് ശുക്ലയ്ക്ക് കുടിവെള്ളം വിൽക്കുന്ന ജോലിയായിരുന്നു ആദ്യം. ഇതിനുശേഷമാണ് അവിനാശ് ശുക്ല ഉൾപ്പെടെയുള്ളവർ മാസം 14000-15000 രൂപയ്ക്ക് രാമക്ഷേത്രത്തിൽ ജോലിയിൽ പ്രവേശിച്ചത്. ക്ഷേത്രത്തിലെ സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്ന കേന്ദ്രത്തിലായിരുന്നു ജോലി. ഇവിടെ ജോലിചെയ്യുന്നതിനിടെ അവിനാശ് ശുക്ല ഉൾപ്പെടെയുള്ള പ്രതികൾ ദിവസവും 6-8 ലക്ഷം രൂപ വരെ മോഷ്ടിച്ച് കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് അവിനാശ് ശുക്ല അയോധ്യയിൽ പുതിയ വീട് പണിതു. ഒരു എസ്.യു.വി. കാറും സ്വന്തമാക്കി. ഇതെല്ലാം പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

കേസിലെ മറ്റൊരുപ്രതിയായ ലവ്കുശ് മിശ്ര ബാനിപുർ മേഖലയിൽ ഭൂമി വാങ്ങിക്കൂട്ടിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 25 ലക്ഷത്തോളം വിപണിവിലയുള്ള ഭൂമിയാണ് മാസം 15000 രൂപ ശമ്പളമുള്ള ഇയാൾ ചുരുങ്ങിയ കാലത്തിനുള്ളിൽ വാങ്ങിയത്. സംഭാവനക്കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേകസംഘം ഈ ഭൂമിയും കണ്ടെത്തി.

സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് അടുത്തിടെ ബാങ്ക് ജീവനക്കാരെയും പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. നേരത്തേ 16 മുതൽ 18 ലക്ഷം രൂപവരെയാണ് ഒരുദിവസം രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ബാങ്കിൽ നിക്ഷേപിച്ചിരുന്നതെന്നാണ് ബാങ്ക് ജീവനക്കാർ നൽകിയ മൊഴി. എന്നാൽ, സംഭാവനക്കൊള്ള പുറത്തായതിന് പിന്നാലെ ട്രസ്റ്റ് ബാങ്കിൽ നിക്ഷേപിക്കുന്ന തുകയിൽ ഗണ്യമായ വർധനവുണ്ടായി. നിലവിൽ ദിവസവും 24 മുതൽ 26 ലക്ഷം രൂപ വരെ ബാങ്കിൽ നിക്ഷേപിക്കുന്നതായാണ് കണക്ക്. ഇതോടെയാണ് പ്രതികൾ ദിവസവും എട്ടുലക്ഷം രൂപ വരെയെങ്കിലും കവർന്നിരുന്നതായി അന്വേഷണസംഘം നിഗമനത്തിലെത്തിയത്. മഹാകുംഭമേള സമയത്ത് ഇതിലും ഉയർന്നതുകയാണ് പ്രതികൾ അപഹരിച്ചിരുന്നതെന്നും അന്വേഷണസംഘം കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here