E20 നയവുമായി എനിക്ക് ബന്ധമില്ല; ഡീപ്ഫേക്ക് പ്രചാരണത്തിനെതിരെ 11 കോടി മാനനഷ്ടക്കേസുമായി ഗഡ്കരി

0
19

ന്യൂഡൽഹി: E20 നയവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വിഷയത്തിൽ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവും അപകീർത്തികരവുമായ ഡീപ്ഫേക്ക് വിഡിയോകൾക്കും ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഗഡ്കരി സിവിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വ്യാജം പ്രചരിപ്പിക്കുന്ന മെറ്റ, എക്സ്, ഗൂഗിൾ, യൂട്യൂബ് എന്നിവരുൾപ്പെടെയുള്ള വൻകിട പ്ലാറ്റ്‌ഫോമുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കോടതി മന്ത്രിക്ക് അനുമതി നൽകിയിട്ടുണ്ട്.

E20 ഇന്ധന നയവും എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമും തങ്ങളുടെ മന്ത്രാലയത്തിന് കീഴിലുള്ളതല്ലെന്നും, അത് കേന്ദ്ര പെട്രോളിയം പ്രകൃതിദത്ത ഗ്യാസ് മന്ത്രാലയത്തിന്റെ കീഴിലാണ് വരുന്നതെന്നും ഗഡ്കരി കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വ്യക്തമാക്കുന്നു. 2014 മുതൽ റോഡ് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന തനിക്ക് ഈ നയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടി.

തനിക്കും കുടുംബത്തിനും എഥനോൾ പദ്ധതിയിലൂടെ സാമ്പത്തിക നേട്ടമുണ്ടായെന്ന രീതിയിൽ തെറ്റായ പ്രചാരണങ്ങളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ശബ്ദവും രൂപവുമുള്ള ഡീപ്ഫേക്ക് വീഡിയോകളും ചില വ്യക്തികൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നുവെന്ന് ഗഡ്കരി ആരോപിച്ചു. തന്റെയും കുടുംബത്തിന്റെയും സൽപേരിന് കളങ്കം വരുത്തിയെന്ന് കാണിച്ച് 11 കോടി രൂപയാണ് മാനനഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണപരമായ തീരുമാനങ്ങളെ കുറിച്ചുള്ള ചർച്ചകളെ താൻ എതിർക്കുന്നില്ലെന്നും രാഷ്ട്രീയത്തിനപ്പുറത്തെ അനാരോഗ്യകരമായ ചിലരുടെ ഇടപെടലുകൾക്കെതിരെയാണ് തന്‍റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോളിലെ എഥനോൾ ചേർക്കൽ തീരുമാനത്തിന് പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ മകന്‍റെ കമ്പനിക്ക് വൻ നേട്ടമുണ്ടായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓഹരി വിപണിയില്‍ ഗഡ്കരിയുടെ മകന്റെ കമ്പനിയുടെ ഓഹരി വില റോക്കറ്റ് വേഗത്തിലാണ് കുതിച്ചത്. ഏകദേശം ഒമ്പത് വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടമാണ് ഗഡ്കരിയുടെ മകന്റെ കമ്പനിയായ സിയാന്‍ ആഗ്രോക്ക് ഉണ്ടായത്.

ഗഡ്കരിയുടെ മകന്‍ നിഖില്‍ ഗഡ്കരിയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രൊസസിങ്, ഗ്രീന്‍ എനര്‍ജി, എഥനോള്‍ നിര്‍മാണം എന്നിവയിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ ഓഹരി വിലയിലാണ് വലിയ നേട്ടം ഉണ്ടായത്.

2026 ജനുവരി ഒന്നിനും മെയ് മൂന്നിനും ഇടയില്‍ 140 ശതമാനം നേട്ടമാണ് സിയാന്‍ ആഗ്രോക്ക് ഉണ്ടായത്. ഓഹരി വില 677ല്‍ നിന്ന് 1630 രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ 20 ശതമാനവും അഞ്ച് വര്‍ഷത്തിനിടെ 4,350 ശതമാനവും നേട്ടം ഓഹരിയുണ്ടാക്കി. 2017 മെയ് 18ന് 12.50 രൂപയായിരുന്നു സിയാന്‍ ആഗ്രോയുടെ ഒരു ഓഹരിയുടെ വില. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഉണ്ടാക്കിയത് 12,940 ശതമാനം നേട്ടമാണ് കമ്പനി ഓഹരികള്‍ക്ക് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here