ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 10 സ്വർണ്ണ മോതിരങ്ങളും രണ്ട് സ്വർണ്ണ മാലകളും കാണാതായ സംഭവത്തിൽ മോഷണത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തി ജീവനക്കാർ. ആളുകളാരുമല്ല, ഒരു എലിയാണ് ഈ വൻ കവർച്ചയ്ക്ക് പിന്നിൽ. കർണാടകയിലെ തുമകുരു ജില്ലയിലുള്ള ‘വിശ്വാസ് ജ്വല്ലേഴ്‌സിലാണ്’ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ കട തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായ വിവരം ജീവനക്കാർ ശ്രദ്ധിക്കുന്നത്.
ആഭരണങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് അസാധാരണമായ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. കാണാതായ സ്വർണ്ണ മോതിരങ്ങൾക്ക് പുറമെ, അവയിൽ ഘടിപ്പിച്ചിരുന്ന പ്രൈസ് ടാഗുകളും കാണാനില്ലായിരുന്നു. ആരെങ്കിലും ആഭരണങ്ങൾ മോഷ്ടിച്ചിട്ടുണ്ടെങ്കിൽ അവർ സ്വർണ്ണം മാത്രമേ എടുക്കൂ, ടാഗുകൾ വിട്ടിട്ടുപോകും. ടാഗുകൾ പോലും കാണാതായതോടെയാണ് അസാധാരണമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പിച്ചത് എന്ന് കട ഉടമ പറഞ്ഞു.

