സേവ് ചെയ്യാത്ത നമ്പറിൽ നിന്നുള്ള വാട്സ്ആപ്പ് സന്ദേശം പണിയാകുമെന്ന ഭയം ഇനി വേണ്ട; സുരക്ഷ ഉറപ്പാക്കാൻ പുതിയ ഫീച്ചറുമായി മെറ്റ

0
17

രാജ്യത്തെ വിവിധയിടങ്ങളിൽ ദിനംപ്രതി നടക്കുന്ന സൈബർ തട്ടിപ്പുകളെ കുറിച്ച് വാർത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയുന്നവരാണല്ലോ നാം. ലിങ്കിൽ ക്ലിക്ക് ചെയ്തത് വഴി ലക്ഷങ്ങൾ നഷ്ടമായെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നുമുള്ള റിപ്പോർട്ടുകൾ ശ്രദ്ധിച്ചവരെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ ഫോണിലേക്കെത്തുന്ന അജ്ഞാത സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവരൊന്ന് ചിന്തിക്കും. സൈബർ ക്രിമിനലുകളുടെ ചതിക്കുഴികളിൽ ചെന്നുചാടാതെ, അജ്ഞാത സന്ദേശങ്ങളിൽ നിന്ന് മുൻകരുതലെടുക്കാൻ പാകത്തിലുള്ള അപ്ഡേഷനുകൾക്കും ഫീച്ചറുകൾക്കുമായി യൂസർമാർ പലപ്പോഴായി മെറ്റയോട് ആവശ്യം ഉന്നയിക്കാറുമുണ്ട്.

ഇപ്പോഴിതാ, ലോകമൊന്നടങ്കമുള്ള വാട്സ്ആപ്പ് യൂസർമാരുടെ ആശങ്കയ്ക്ക് അറുതി വരുത്തിക്കൊണ്ട്, പുതിയ സുരക്ഷാ ഫീച്ചർ പുറത്തിറക്കാനൊരുങ്ങുകയാണ് മെറ്റ. നിലവിൽ ചുരുക്കം ചില ആൻഡ്രോയിഡ്, ഐഒഎസ് സിസ്റ്റങ്ങളിൽ മാത്രം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫീച്ചർ വൈകാതെ എല്ലാ യൂസർമാരിലേക്കുമെത്തുമെന്നാണ് റിപ്പോർട്ടുകൾ.

 

പുതിയ ഫീച്ചർ പ്രകാരം, സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് മെസേജുകൾ വരുമ്പോൾ, ആ ചാറ്റ് തുറക്കുന്നതിന് മുൻപ് തന്നെ അതൊരു സംശയാസ്പദമായ സന്ദേശമാണോയെന്ന് വാട്സ്ആപ്പ് ഉപയോക്താക്കളെ അറിയിക്കും. സന്ദേശമയച്ച വ്യക്തി ഏത് രാജ്യത്ത് നിന്നാണ്, അവർ സേവ് ചെയ്യാത്ത നമ്പറാണോ, നിങ്ങൾ രണ്ട് പേരും പൊതുവായി ഏതെല്ലാം ഗ്രൂപ്പുകളിലുണ്ട് തുടങ്ങിയ കാര്യങ്ങൾ ഈ സുരക്ഷാ സ്ക്രീനിൽ കാണാൻ സാധിച്ചേക്കും. അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ തുടങ്ങിയ തട്ടിപ്പുകൾ തടയാൻ പുതിയ ഫീച്ചർ ഒരു പരിധിവരെ സഹായകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇത്തരം മെസേജുകൾ വന്നാൽ ഉപയോക്താക്കൾക്ക് ചാറ്റ് തുടരണോ അതോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യാം.

നിലവിൽ, ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഈ ഫീച്ചർ പരീക്ഷിച്ചുവരികയാണ്. വരും മാസങ്ങളിൽ കൂടുതൽ പേരിലേക്കെത്തിയേക്കുമെന്നാണ് ടെക് നിരീക്ഷകരിൽ നിന്നുള്ള റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here