അപരിചിതരിലേക്ക് നമ്പർ പോകുമെന്ന ഭയം വേണ്ട; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

0
21

ജോലി സംബന്ധവും കുടുംബപരവും സൗഹൃദപരവുമായ ബന്ധങ്ങൾ പുലർത്തുന്നതിനുമായുള്ള ആശയവിനിമയങ്ങൾക്ക് ലോകമൊന്നടങ്കം വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സ്ആപ്പ്. നിരവധി ഉപയോക്താക്കളുള്ളതിനാൽ തന്നെ, കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാനുതകുന്ന വിവിധ ഫീച്ചറുകൾ അനിവാര്യമായ സമയങ്ങളിൽ മെറ്റ പുറത്തിറക്കാറുണ്ട്. ഈ പുത്തൻ ഫീച്ചറുകളെ യൂസർമാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്.

ഇപ്പോഴിതാ, വാട്സ്ആപ്പ് പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് മെറ്റ. ഒരു യൂസറിന് മറ്റൊരാളുടെ നമ്പറില്ലാതെ തന്നെ ചാറ്റ് ചെയ്യാനാകുന്ന ‘യൂസർനെയിം’ സംവിധാനം വാട്സ്ആപ്പ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം, ടെലഗ്രാം, ഇൻസ്റ്റഗ്രാം പോലുള്ള ആപ്ലിക്കേഷനുകളിൽ യൂസർനെയിം സംവിധാനം പ്രാബല്യത്തിലുണ്ട്.

നിലവിൽ ചുരുക്കം ചില യൂസർമാർക്കെങ്കിലും ഈ ഫീച്ചർ ഉപയോഗിക്കാനാകുന്നുണ്ടെന്നാണ് വിവരം. തികച്ചും ഓപ്ഷണൽ രീതിയിലാണ് ഈ സംവിധാനം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വേണമെന്നുണ്ടെങ്കിൽ മാത്രം ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഓരോ അക്കൗണ്ടുകൾക്കും ഒരൊറ്റ യൂസർനെയിം മാത്രമേ ഉപയോഗിക്കാനാവൂ. നിങ്ങളുടെ ചാറ്റുകളേയും അക്കൗണ്ട് ആക്ടിവിറ്റികളെയും ബാധിക്കാതെ തന്നെ ഈ യൂസർനെയിം ഇഷ്ടാനുസരണം മാറ്റാനും സാധിച്ചേക്കും.

ആൻഡ്രോയിഡ്, ഐഫോൺ സിസ്റ്റങ്ങളുടെ സെറ്റിങ്സുകളിലേക്ക് ഉടൻതന്നെ ഈ സംവിധാനമെത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ. പ്രഫൈൽ സെറ്റിങ്സിൽ കയറി യൂസർനെയിം ഓപ്ഷൻ ഓൺ ചെയ്യുക മാത്രമേ വേണ്ടൂ. അഥവാ, ഫോൺ നമ്പർ മറ്റൊരാളുമായി പങ്കുവെക്കാതെ തന്നെ വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാനാകുമെന്ന് ചുരുക്കം.

പുതിയ സംവിധാനം സുഗമമായി ഉപയോഗിക്കുന്നതിന് ചില ഉപാധികളും മെറ്റ മുന്നോട്ടുവെക്കുന്നുണ്ട്. യൂസർനെയിമുകളിലെ സാമ്യത മൂലമുള്ള അവ്യക്തതകൾ പരിഹരിക്കുന്നതിനായി യൂണിക് പേരുകൾ മാത്രമേ ഉപയോഗിക്കാനാവൂ. 3-35 വരെയുള്ള കാരക്ടറുകൾ അക്കങ്ങൾ/അക്ഷരങ്ങൾ മാത്രമേ യൂസർനെയിമിലേക്ക് പരിഗണിക്കാൻ പാടുള്ളൂ. മറ്റൊരാൾ ഉപയോഗിച്ച നെയിം ഉപയോഗിക്കാനും പരിമിതിയുണ്ട്.

തങ്ങളുടെ ഫോൺ നമ്പറുകൾ മറ്റൊരാളുമായി പങ്കുവെക്കാതെ ചാറ്റ് ചെയ്യാമെന്നതിനാൽ തന്നെ, ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണം കൂടുതൽ ശക്തമാക്കാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഓൺലൈൻ കച്ചവടക്കാർ, വിതരണക്കാർ, കമ്യൂണിറ്റി ഗ്രൂപ്പുകൾ,അപരിചിതരായ കോൺടാക്ടുകൾ എന്നിവരുമായുള്ള ചാറ്റുകളിൽ ഒരു പരിധിവരെ ഈ ഫീച്ചർ വലിയ സഹായകരമായിരിക്കും. ഇതിനോടകം ചില ആൻഡ്രോയിഡ്, ആപ്പിൾ യൂസർമാരിൽ മെറ്റ പുതിയ ഫീച്ചർ പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ട്. 2026-ന്‍റെ അവസാനത്തോടെ വ്യാപകമായ രീതിയിൽ പ്രാബല്യത്തിലെത്തിയേക്കുമെന്നാണ് വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here