മോദി ഒരു വർഷത്തിനുള്ളിൽ താഴെവീഴും, വരുന്നത് സാമ്പത്തിക സുനാമി’; മോദിക്കെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി രാഹുൽ

0
9

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ടപ്പടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാണ്. ഇതിനെ ആർക്കും തടുക്കാൻ കഴിയില്ല. ബിജെപി ഭരണത്തിൽ തുടർന്നാൽ ഭീകരമായ സാമ്പത്തിക സുനാമിയുണ്ടാകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

മാത്രമല്ല, ശക്തമായ പൊതുജന സമ്മർദമാണ്‌ മോദി സർക്കാർ നേരിടാൻ പോകുന്നത്. ഈ സമ്മർദം ബിജെപി സർക്കാരിനെ താഴെയിറക്കും. ഇന്ത്യയിലെ സംവിധാനങ്ങൾക്ക് ഉള്ളിൽ വലിയ കലാപം നടക്കുന്നുണ്ട്. മോദിയുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന സംവിധാനങ്ങൾ തകർച്ചയിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ മുഴുവനായും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, മുതിർന്ന ജുഡീഷ്യൽ അംഗങ്ങൾ, ഇന്റലിജന്റ്‌സ് മേധാവികൾ തുടങ്ങിയവരിൽ നിന്നും പല സന്ദേശങ്ങളും തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

‘ബിജെപിയും ആർഎസ്എസും ആദിവാസി വിരുദ്ധ മനോഭാവം ഉള്ളവരാണ്. ആദിവാസികളുടെ അവകാശങ്ങൾ നിഷേധിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ആദിവാസികൾ കാട്ടിൽ ജീവിക്കുന്നവരാണ് വരുത്തിത്തീർക്കാൻ ബിജെപി ‘വനവാസി’ എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കുന്നു. ഈ പ്രയോഗത്തിലൂടെ അവർ ആദിവാസികളുടെ ചരിത്രം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. നിങ്ങൾക്ക് സംസ്കാരമില്ല, ചരിത്രമില്ല, ഭാഷയില്ല എന്നെല്ലാം സ്ഥാപിക്കാനാണ് അവരുടെ ശ്രമം,’ രാഹുൽ ഗാന്ധി പറഞ്ഞു.

എന്നാൽ ആദിവാസികൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ആദിവാസികൾ ഇന്ത്യയുടെ ചരിത്രപരവും സാംസ്‌കാരികവുമായ നിധിയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here