വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി;KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര,ആശമാരുടെ ഓണറേറിയം വർധിപ്പിക്കും

0
10

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള 21 അംഗ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി സർക്കാർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലെ രണ്ട് സുപ്രധാന വാഗ്ദാനങ്ങൾ ആദ്യ യോഗത്തിൽ തന്നെ സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ചു. കൂടാതെ രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

ലോകത്ത് തന്നെ ഏറ്റവും ഭംഗിയായി ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് ജപ്പാനിലാണെന്നും ആ മോഡൽ കേരളത്തിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങളെ ചേർത്ത് പിടിച്ചുകൊണ്ടുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വകുപ്പിന് പിന്നിൽ ഒട്ടേറെ സ്വപ്‌ന പദ്ധതികളുണ്ടെന്നും അത് വഴിയേ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ ഘട്ടമെന്ന നിലയിൽ ആശാ വർക്കർമാരുടെ ഓണറേറിയം 3000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. ഭരണത്തിൽ വാക്കും വിശ്വാസ്യതയുമാണ് പ്രധാനമെന്നും, ആശാ വർക്കർമാരുടെ സമരപ്പന്തലിൽ പോയി നൽകിയ വാക്ക് പാലിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഴുവൻ ആവശ്യങ്ങളും ഒറ്റയടിക്ക് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും, വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച കാര്യങ്ങൾ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ 9000 രൂപയാണ് ഇവരുടെ ഓണറേറിയം.

ഇതിന് പുറമെ അംഗൻവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിൽ 1000 രൂപയുടെ വീതം വർധനവ് നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി എങ്ങനെ മെച്ചപ്പെടുത്തുമെന്നത് സംബന്ധിച്ച കാര്യങ്ങൾ പിന്നീട് വ്യക്തമാക്കുമെന്നും സർക്കാർ അറിയിച്ചു.

പുതിയ നിയമസഭയുടെ ആദ്യ സമ്മേളന തീയതികളും തീരുമാനിച്ചിട്ടുണ്ട്. ജി. സുധാകരനായിരിക്കും പ്രോടെം സ്പീക്കർ. അഡ്വ. ടി. ആസഫലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും നിയമിച്ചു. ഈ മാസം 21ന് പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും. 22ന് സ്പീക്കർ തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾ ഔദ്യോഗികമായി ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here