ക്രിക്കറ്റ് മൈതാനത്തെ പ്രകടനങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിലെ വ്ലോഗുകളിലൂടെയും ശ്രദ്ധേയനായ അർഷ്ദീപ് സിംഗിന് ബിസിസിഐയുടെ വിലക്ക്. ഐപിഎൽ മത്സരങ്ങൾക്കിടെ ഇനി വ്ലോഗിംഗ് പാടില്ലെന്നാണ് കർശന നിർദ്ദേശം. സഹതാരം യുസ്‌വേന്ദ്ര ചാഹൽ വിമാനത്തിനുള്ളിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അർഷ്ദീപിന്റെ വ്ലോഗിലൂടെ പുറത്തുവന്നതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്.
പഞ്ചാബ് കിംഗ്‌സ് ടീം അഹമ്മദാബാദിൽ നിന്ന് ഹൈദരാബാദിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. അർഷ്ദീപും ശശാങ്ക് സിംഗും വ്ലോഗ് ചെയ്യുന്നതിനിടെ ദൃശ്യങ്ങളിൽ വന്ന ചാഹൽ, പെട്ടെന്ന് വായ മറയ്ക്കുകയും എന്തോ ഉപയോഗിച്ച ശേഷം പുക പുറത്തേക്ക് വിടുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ അർഷ്ദീപ് വീഡിയോ എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തെങ്കിലും അപ്പോഴേക്കും പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വിമാനത്തിനുള്ളിൽ പുകവലിക്കുന്നതും ഇ-സിഗരറ്റുകൾ ഉപയോഗിക്കുന്നതും ഇന്ത്യയിൽ കടുത്ത നിയമലംഘനമാണ്. പ്രൊഹിബിഷൻ ഓഫ് ഇ-സിഗരറ്റ് ആക്ട് 2019 പ്രകാരം ഇത് ശിക്ഷാർഹമാണ്. വിമാനയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് രണ്ട് വർഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ വിമാനയാത്രാ വിലക്കോ ലഭിക്കാൻ സാധ്യതയുണ്ട്.
സംഭവം ഗൗരവമായി എടുത്ത ബിസിസിഐ, എല്ലാ ഐപിഎൽ ടീമുകൾക്കും കർശന നിർദ്ദേശങ്ങളടങ്ങിയ കത്തയച്ചു. വേപ് ഉപയോഗം, ടീം ഹോട്ടലുകളിലെ അച്ചടക്കം എന്നിവ പാലിക്കണമെന്ന് കത്തിൽ വ്യക്തമാക്കുന്നു. താരങ്ങൾ സ്വയം വ്‌ളോഗുകൾ ചിത്രീകരിക്കുന്നത് ഇത്തരം അച്ചടക്ക ലംഘനങ്ങൾ പുറത്തുവരാൻ കാരണമാകുന്നു എന്ന വിലയിരുത്തലിലാണ് അർഷ്ദീപിന് വ്‌ളോഗിംഗിൽ നിന്ന് വിലക്കേർപ്പെടുത്തിയത്.

