ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഡൽഹിയിലെ നിരക്കനുസരിച്ച് 2078 രൂപയിൽനിന്ന് വാണിജ്യ എൽപിജി സിലിണ്ടറിന് 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. 261 രൂപയുടെ വർധനവാകും അഞ്ച് കിലോ സിലിണ്ടറുകൾക്ക് വരിക.
അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില ഉയർത്തിയിട്ടില്ല.
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില മൂന്നു തവണ വർദ്ധിപ്പിച്ചിട്ടുണ്ട്. മാർച്ചിൽ 144 രൂപയും തുടർന്ന് ഏപ്രിൽ 1 ന് ഏകദേശം 200 രൂപയും വർദ്ധിപ്പിച്ചു.
എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്യ എൽപിജിയുടെ വിതരണത്തിനും നിയന്ത്രണമുണ്ട്. ഇതിനിടയിലാണ് വില വർധനവ് കൂടി വന്നിരിക്കുന്നത്. എൽപിജി ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നു.
പെട്രോൾ, ഡീസൽ വിലയിലും ആഭ്യന്തര വിമാനങ്ങൾക്കുള്ള വിമാന ഇന്ധന വലിയിലും മാറ്റമില്ല.അന്താരാഷ്ട്ര എയർലൈൻ പ്രവർത്തനങ്ങൾക്കുള്ള ബൾക്ക് ഡീസൽ, എടിഎഫ് വില വർദ്ധിപ്പിച്ചിട്ടുണ്ടെന്നും എണ്ണ കമ്പനികൾ അറിയിച്ചു.

