റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കടുത്ത ആശങ്കയുണർത്തി മാനവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 69 തൊഴിലുകളിൽ കൂടി 100 ശതമാനം സ്വദേശിവൽക്കരണം ഏർപ്പെടുത്തി. ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം വഴി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പൂർണ്ണമായും സ്വദേശിവൽക്കരിച്ച പ്രധാന തസ്തികകൾ
സെക്രട്ടേറിയൽ ജോലികൾ, വിവർത്തനം, ഡാറ്റ എൻട്രി, വിവിധ ക്ലറിക്കൽ തസ്തികകൾ, അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗങ്ങൾ എന്നിവയിലാണ് പ്രവാസികൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയത്. പ്രവാസികൾ വൻതോതിൽ ജോലി ചെയ്തിരുന്ന ഈ മേഖലകളിൽ ഇനി മുതൽ സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. ഒരാൾ മാത്രം ജോലി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങൾക്കും ഈ പുതിയ നിയമം ബാധകമാണെന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്.
രാജ്യത്തെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ‘സൗദി യൂനിഫൈഡ് ക്ലാസിഫിക്കേഷൻ ഓഫ് പ്രൊഫഷൻസി’ന് കീഴിലാണ് പുതിയ തസ്തികകൾ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഈ തസ്തികകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിസ പുതുക്കി ലഭിക്കില്ലെന്നും പുതിയ വിസകൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ തസ്തികകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുമെന്ന സൂചനകൾ പ്രവാസി സമൂഹത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.

