ടി-20 ലോകകപ്പ് ആവേശം സൂപ്പർ 8ലേക്ക് കടന്നിരിക്കുകയാണ്. സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മത്സരം നാളെയാണ് നടക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയാണ് സൂര്യകുമാർ യാദവിന്റെയും എതിരാളികൾ.
ഈ മത്സരത്തിന് മുന്നോടിയായി ഓപ്പണറായി സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മാറ്റങ്ങളുണ്ടാവില്ലെന്നാണ് സ്‌കൈ വ്യക്തമാക്കിയത്. സൗത്ത് ആഫ്രിക്കക്കെതിരെ അഭിഷേക് തന്നെ കളിക്കുമെന്നാണ് സൂര്യകുമാർ യാദവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
”അഭിഷേകിന് പകരം സാംസണെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? അതോ തിലകിന് പകരം? കാര്യങ്ങളെല്ലാം നന്നായാണ് പോവുന്നത്. പവർ പ്ലേയിൽ ഞങ്ങൾ 40-50 റൺസ് നേടുന്നുണ്ട്. ഇത് സാധാരണ നിലയിലുള്ള ക്രിക്കറ്റാണ്. ബൈലാറ്ററൽ സീരീസുകളിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇവിടെ വിക്കറ്റുകൾ വ്യത്യസ്തമാണ്. അത് വെല്ലുവിളികൾ നിറഞ്ഞതാണ്” സൂര്യകുമാർ യാദവ് പറഞ്ഞു.
ടി-20 ലോകകപ്പിൽ നിരാശജനകമായ പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളിലും താരം റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെയും, രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെയും റൺസ് നേടാത്ത അഭിഷേക് നെതർലാൻഡ്സിനെതിരെയും റൺസ് നേടാതെ മടങ്ങി.
നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. വയറിലുണ്ടായ അണുബാധ മൂലമാണ് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
നമീബിയക്കെതിരെ അഭിഷേക് ശർമയ്ക്ക് പകരം കളത്തിൽ ഇറങ്ങിയത് സഞ്ജുവായിരുന്നു നമീബിയക്കെതിരായ മത്സരത്തിൽ എട്ട് പന്തിൽ നിന്നും 22 റൺസ് നേടിയാണ് മടങ്ങിയത്. ഒരു ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്.

