കൊളംബോ: ടി20 ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് പാകിസ്താൻ പുറത്ത്. സൂപ്പർ എട്ടിലെ നിർണായകപോരാട്ടത്തിൽ ശ്രീലങ്കയെ അഞ്ച് റൺസിന് തോൽപ്പിച്ചെങ്കിലും റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാനാവാത്തതാണ് തിരിച്ചടിയായത്. 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ആറുവിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനേ ആയുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 212 റൺസാണെടുത്തത്. കുറഞ്ഞത് 65 റൺസിനെങ്കിലും ജയിച്ചാലേ പാകിസ്താൻ സെമിയിലെത്തൂ. അതായത് 147 റൺസിനെങ്കിലും ലങ്കയെ പുറത്താക്കണം. എന്നാൽ മികച്ച രീതിയിൽ ബാറ്റേന്തിയ ലങ്ക 16-ാം ഓവറിൽ തന്നെ 147 റൺസ് പിന്നിട്ടു. അതോടെ കിവീസ് സെമിയിലെത്തി. എന്നാൽ മത്സരത്തിൽ പോരാടിയ ലങ്കൻ ബാറ്റർമാർ ടീമിനെ 200 കടത്തി. അവസാന ഓവറിൽ 28 റൺസ് വേണ്ടിയിരുന്ന ശ്രീലങ്ക, ഷണകയുടെ വെടിക്കെട്ടിന്റെ ബലത്തിൽ 22 റൺസെടുത്ത് പോരാടി.
കഴിഞ്ഞ മത്സരത്തിൽ ന്യൂസീലൻഡ് ഇംഗ്ലണ്ടിനോട് തോറ്റതാണ് പാകിസ്താന് സെമി സാധ്യത തുറന്നത്. ജയിച്ചാൽ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോൽവിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് നേരത്തേ തന്നെ സെമിയിലെത്തിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് കിവീസിന് മൂന്ന് പോയന്റുണ്ട്. പാകിസ്താന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയന്റാണുണ്ടായിരുന്നത്. അവസാനമത്സരത്തിൽ ലങ്കയെ തോൽപ്പിച്ചാൽ പാകിസ്താനും മൂന്ന് പോയന്റാകും. മികച്ച റൺറേറ്റുള്ളവർ സെമിയിലെത്തുമെന്നതായിരുന്നു സ്ഥിതി. ലങ്കയ്‌ക്കെതിരേ 65 റൺസ് ജയമോ അല്ലെങ്കിൽ 13 ഓവറിനുള്ളിൽ ചേസ് പൂർത്തിയാക്കുകയോ ചെയ്താൽ പാകിസ്താന് കിവീസിനെ മറികടന്ന് സെമിയിലേക്ക് കടക്കാമായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്നതിനാൽ ടീമിന് 65 റൺസിന് ജയിക്കണം. അതിന് സാധിക്കാതെ വന്നതാണ് പാകിസ്താന് തിരിച്ചടിയായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ പ്രതിരോധിക്കാൻ തന്ത്രങ്ങളുമായാണ് പാക്‌നിരയെത്തിയത്. ഓപ്പണർ പതും നിസ്സങ്കയെ(3) തുടക്കത്തിൽ തന്നെ പുറത്താക്കി. പിന്നാലെ കാമിൽ മിശാരയെയും(26) മടക്കിയതോടെ ലങ്ക 33-2 എന്നനിലയിലായി. അതോടെ പാകിസ്താൻ സെമി പ്രതീക്ഷ സജീവമാക്കി. എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പാക് കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതാണ് കണ്ടത്. ചരിത് അസലങ്കയും പവൻ രത്‌നായകയും ലങ്കയെ മുന്നോട്ടുനയിച്ചു. എട്ടോവറിൽ 69-2 എന്ന നിലയിലായിരുന്നു ലങ്ക. ഒൻപതാം ഓവറിൽ അസലങ്കയെ പുറത്താക്കി അബ്രാർ തിരിച്ചടിച്ചു.
രത്‌നായകെ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ 10 ഓവറിൽ ലങ്ക 85 റൺസിലെത്തി. എന്നാൽ വിക്കറ്റുകൾ വീഴ്ത്തി പാക് ബൗളർമാർ ലങ്കയെ പ്രതിസന്ധിയിലാക്കി. കാമിന്ദു മെൻഡിസ്(3),ജാനിത് ലിയനഗെ(5) എന്നിവർ വേഗം കൂടാരം കയറി. അതോടെ ലങ്ക 101-5 എന്ന നിലയിലായി. എന്നാൽ രത്നായകെയും ഷാണകയും കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ പാകിസ്താന്റെ പ്രതീക്ഷകൾ അസ്തമിച്ചു. രത്നായകെ അർധസെഞ്ചുറി തികച്ചു. 16-ാം ഓവറിലാണ് ലങ്ക 147 കടന്നത്. അതോടെ കിവീസ് സെമിയിലെത്തി.
രത്‌നായകെ 58 റൺസിൽ പുറത്തായെങ്കിലും മറുവശത്ത് ഷണക വെടിക്കെട്ട് നടത്തി. അതോടെ പാകിസ്താൻ മത്സരവും തോൽക്കുമെന്ന ഘട്ടത്തിലായി. ഷണകയും അർധസെഞ്ചുറി തികച്ചു. അവസാന ഓവറിൽ 28 റൺസാണ് ലങ്കയ്ക്ക് വേണ്ടിയിരുന്നത്. ഷഹീൻ അഫ്രീദി എറിഞ്ഞ ഓവറിൽ ആദ്യ പന്ത് ഫോറടിച്ചു. പിന്നീട് മൂന്ന് പന്തുകളും ഷണക സികസ്‌റടിച്ചു. അതോടെ രണ്ട് പന്തിൽ വേണ്ടത് ആറുറൺസായി. എന്നാൽ രണ്ട് പന്തുകളും റണ്ണെടുക്കാൻ ഷണകയ്ക്ക് സാധിച്ചില്ല. അതോടെ പാകിസ്താൻ അഞ്ച് റൺസിന് ജയിച്ചു.
നേരത്തേ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 212 റൺസാണെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ഫഖർ സമാനും സഹിബ്‌സാദ ഫർഹാനും ചേർന്ന് പടുത്തുയർത്തിയ 176 റൺസ് കൂട്ടുകെട്ടാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. വലിയ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്താകുമെന്ന് കണക്കുകൂട്ടി അടിച്ചുതകർക്കാനൊരുങ്ങിയാണ് പാകിസ്താൻ മൈതാനത്തിനിറങ്ങിയത്. അത് അതേപടി നടപ്പിലാക്കുന്നതാണ് മൈതാനത്ത് കണ്ടത്. ആദ്യ ഓവറുകൾ മുതൽ ഓപ്പണർമാരായ ഫഖർ സമാനും സഹിബ്‌സാദ ഫർഹാനും വെടിക്കെട്ട് തുടങ്ങി. പവർപ്ലേയിൽ ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ച ഇരുവരും ആദ്യ ആറോവറിൽ 68 റൺസാണ് അടിച്ചെടുത്തത്. ഫർഹാനായിരുന്നു കൂടുതൽ അപകടകാരി. ഒൻപതാം ഓവറിൽ ഫർഹാൻ അർധസെഞ്ചുറി തികച്ചു. 32 പന്തിൽ നിന്നാണ് ഫിഫ്റ്റി.
പിന്നാലെ ഫഖർ സമാനും ട്രാക്കിലായതോടെ ടീം പത്തോവറിൽ 102 റൺസിലെത്തി. 12-ാം ഓവറിൽ ദുനിതക് വെല്ലലഗയെ തകർത്തടിച്ച ഫഖർ 27 പന്തിൽ ഫിഫ്റ്റി തികച്ചു. അതോടെ ലങ്കൻ ബൗളർമാർ പ്രതിരോധത്തിലായി. പിന്നീടങ്ങോട്ട് ഇരുവരുടെയും വെടിക്കെട്ട് പൂരത്തിനാണ് മൈതാനം സാക്ഷ്യംവഹിച്ചത്. 14-ാം ഓവറിൽ 14 റൺസും 15-ാം ഓവറിൽ 13 റൺസും കണ്ടെത്തിയതോടെ സ്‌കോർ 15 ഓവറിൽ 163 ലെത്തി. 16-ാം ഓവറിൽ ഫഖർ സമാൻ പുറത്തായി. 42 പന്തിൽ നിന്ന് 84 റൺസെടുത്താണ് താരം മടങ്ങിയത്. വൺഡൗണായിറങ്ങിയ ഖവാജ രണ്ട് റൺസെടുത്ത് പുറത്തായി. ശദബ് ഖാൻ 7 റൺസിൽ റണ്ണൗട്ടാകുകയും ചെയ്തു.
എന്നാൽ 19-ാം ഓവറിലെ ആദ്യ പന്തിൽ ഫർഹാന്റെ സെഞ്ചുറിയെത്തി. 59 പന്തിൽ നിന്നാണ് മൂന്നക്കം തൊട്ടത്. 100 റൺസെടുത്ത് ഫർഹാൻ പുറത്തായെങ്കിലും സ്കോർ 200 കടന്നു. ഒടുക്കം നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 212 റൺസെടുത്തു.

