Monday, February 2, 2026
Home Latest news ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കും; ഇന്ത്യ-പാക് മത്സരം മുടങ്ങിയാൽ നഷ്ടം 4500 കോടി

ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കും; ഇന്ത്യ-പാക് മത്സരം മുടങ്ങിയാൽ നഷ്ടം 4500 കോടി

0
6

ദുബായ്: ആധുനിക ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയിൽ, ചില മത്സരങ്ങൾ ട്രോഫികളേക്കാൾ വലുതാണ്. ടി20 ലോകകപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം അത്തരത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ വെറുമൊരു മത്സരം മാത്രമല്ല. ടൂർണമെന്റിന്റെ തന്നെ സാമ്പത്തിക സ്ഥിതി നിർണയിക്കുന്നതിലടക്കം ഈ മത്സരത്തിന് വലിയ പ്രാധാന്യമുണ്ട്. പരമ്പരാഗത വൈരികളുടെ പോരാട്ടമെന്നതിലുപരി ആഗോള ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലുകൂടിയാണ് ഓരോ ഇന്ത്യ-പാക് മത്സരങ്ങളും.

ഇന്ത്യ-പാക് മത്സരത്തിന്റെ മൂല്യം ഏകദേശം 500 ദശലക്ഷം ഡോളറിന്റേതാണ്. അതായത് ഏകദേശം 4500 കോടി ഇന്ത്യൻ രൂപ. ലോകത്തെ ഏത് ടൂർണമെന്റിലെയും മത്സരങ്ങളേക്കാൾ പതിന്മടങ്ങ് വരുമാനമാണ് ഓരോ ഇന്ത്യ-പാക് മത്സരത്തിലൂടെയും സമ്പാദിക്കാൻ സാധിക്കുന്നത്. സംപ്രേഷണ അവകാശങ്ങൾ, പരസ്യ വരുമാനം, സ്‌പോൺസർഷിപ്പ്, ടിക്കറ്റ് വരുമാനം, നിയമപരമായ വാതുവെപ്പ് എന്നിവയെല്ലാം ചേർത്താണ് ഈ തുക. അതിനാൽ തന്നെ ഇന്ത്യ-പാക് മത്സരമില്ലാത്ത ഒരു ഐസിസി ടൂർണമെന്റ് ഐസിസിക്കും ബ്രോഡ്കാസ്റ്റർമാർക്കും ചിന്തിക്കാനാകില്ല.

ലോകകപ്പിലെ ഇന്ത്യ-പാക് മത്സരങ്ങൾ ബ്രോഡ്കാസ്റ്റർമാരുടെ ചാകരയാണ്. ഇന്ത്യ-പാക് മത്സരങ്ങൾക്കിടയിലെ 10 സെക്കൻഡ് പരസ്യത്തിന് മാത്രം 25 മുതൽ 40 ലക്ഷം രൂപ വരെയാണ് ബ്രോഡ്കാസ്റ്റർമാർ ഈടാക്കുന്നത്. ഇത് മറ്റ് മുൻനിര ടീമുകൾക്കെതിരായ ഇന്ത്യയുടെ നോക്കൗട്ട് മത്സരങ്ങൾക്കായി ഈടാക്കുന്നതിലും ഉയർന്ന തുകയാണ്. അതിനാൽ തന്നെ ആ മത്സരം നടന്നില്ലെങ്കിൽ അത് ടൂർണമെന്റിന്റെ മുഴുവൻ സാമ്പത്തിക ഘടനയേയും ബാധിക്കും.

ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം നടന്നില്ലെങ്കിൽ പരസ്യ വരുമാനത്തിൽ മാത്രം 300 കോടിക്കടുത്ത് നഷ്ടം വരുമെന്നാണ് വിലയിരുത്തൽ. ലോകകപ്പിലെ ഓരോ മത്സരത്തിന്റെയും മൂല്യം ഏകദേശം 138.7 കോടി രൂപയാണ്. എന്നാൽ ഇന്ത്യ-പാക് മത്സരത്തിന്റെ മൂല്യം ഇതിന്റെ ഇരട്ടിയിലധികമാണ്. മത്സരം നടന്നില്ലെങ്കിൽ അത് ബ്രോഡ്കാസ്റ്റർമാരായ ജിയോ സ്റ്റാറിന്റെ വരുമാനത്തെയും ബാധിക്കും. ഇതോടെ ഐസിസി ഇവർക്ക് നഷ്ടപരിഹാരം നൽകേണ്ടതായോ ഔദ്യോഗികമായി റിബേറ്റ് അനുവദിക്കേണ്ടതായോ വന്നേക്കും.

ഐസിസിയുടെ വരുമാന നഷ്ടം ഐസിസിക്ക് കീഴിലുള്ള എല്ലാ ക്രിക്കറ്റ് ബോർഡുകളെയും ബാധിക്കും. ഇന്ത്യ, പാക് ക്രിക്കറ്റ് ബോർഡുകൾക്കൊപ്പം തന്നെ ഐസിസി പേഔട്ടുകളെ വളരെയധികം ആശ്രയിക്കുന്ന അസോസിയേറ്റ് അംഗങ്ങളായുള്ള രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുടെ വരമാനത്തെയും ഇത് ബാധിക്കും.

മത്സരം നടന്നില്ലെങ്കിൽ ബിസിസിഐക്കും പിസിബിക്കും 200 കോടിയോളം രൂപയാണ് നഷ്ടം വരിക. ഐസിസിയുടെ മൊത്തം വരുമാനത്തിന്റെ 5.75 ശതമാനം അതായത് പ്രതിവർഷം ഏകദേശം 34.51 ദശലക്ഷം യുഎസ് ഡോളർ പിസിബിക്ക് ലഭിക്കും. മത്സരം ബഹിഷ്‌കരിച്ചാൽ പിസിബിക്ക് നൽകുന്ന ഈ തുക ഐസിസിക്ക് തടഞ്ഞുവെയ്ക്കാം. സ്വന്തം ഇഷ്ടപ്രകാരം മത്സരം ഉപേക്ഷിക്കുന്നതിനാൽ ഇതിന് ഇൻഷുറൻസ് പരിരക്ഷയോ നിയമപരമായ സംരക്ഷണമോ പാകിസ്താന് ലഭിക്കില്ല. ഐസിസിയുമായുള്ള പങ്കാളിത്ത കരാർ ലംഘിച്ചാൽ പാകിസ്താന് ലഭിക്കേണ്ട ടൂർണമെന്റിന്റെ പ്രതിഫലം തടഞ്ഞുവെയ്ക്കാനും ഐസിസിക്ക് സാധിക്കും. മാത്രമല്ല പിഴവും വിലക്ക് അടക്കമുള്ള നടപടികളിലേക്ക് കടക്കാനും ഐസിസിക്കാകും.

ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്താൻ പ്രഖ്യാപിച്ചത്. എങ്കിലും ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ ടീമിന് പാകിസ്താൻ സർക്കാർ അനുമതി നൽകിയിരുന്നു. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ – പാകിസ്താൻ ഗ്രൂപ്പ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here