ചെന്നൈ: ഇന്ത്യൻ ടി20 ടീമിന്റെ യഥാർഥ ബാറ്റിങ് വിസ്‌ഫോടനത്തിലേക്ക് ടീം ഇന്ത്യ എത്തിയത് കഴിഞ്ഞദിവസമായിരുന്നു. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെ സിംബാബ്‌വെയ്‌ക്കെതിരേ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. എന്നാൽ, നാലിന് 256 റൺസടിച്ചിട്ടും 72 റൺസിന്റെ ജയം മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്. ഇതോടെ സൂപ്പർ എട്ട് പോയന്റ് പട്ടികയിൽ വെസ്റ്റിൻഡീസിനെ മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കാതെപോയി. ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടിയിട്ടും 100 റൺസിന് മുകളിലുള്ള ജയം നേടാൻ സാധിക്കാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?
ഇന്ത്യ – സിംബാബ്‌വെ മത്സരത്തിനു ശേഷം സൂപ്പർ എട്ട് പോയന്റ് പട്ടിക ഇങ്ങനെയാണ്
1. ദക്ഷിണാഫ്രിക്ക – 4 പോയന്റ്, നെറ്റ് റൺറേറ്റ് – +2.890
2. വെസ്റ്റിൻഡീസ് – 2 പോയന്റ്, നെറ്റ് റൺറേറ്റ് +1.791
3. ഇന്ത്യ – 2 പോയന്റ്, നെറ്റ് റൺറേറ്റ് – -0.100
4. സിംബാബ്‌വെ – 0 പോയന്റ്, നെറ്റ് റൺറേറ്റ് – -4.475
സിംബാബ്‌വെയ്‌ക്കെതിരേ 108 റൺസിന്റെ വിജയമെങ്കിലും നേടിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് നെറ്റ് റൺറേറ്റിൽ വിൻഡീസിനെ മറികടന്ന് പോയന്റ് പട്ടികയിൽ രണ്ടാമത് എത്താമായിരുന്നു. അതായത്, സിംബാബ്‌വെയെ 148 റൺസിലൊതുക്കാൻ ഇന്ത്യയ്ക്ക് സാധിക്കണമായിരുന്നു. എന്നാൽ, ശിവം ദുബെയുടെ രണ്ട് ഓവറുകളാണ് ഈ കണക്കുകൂട്ടൽ തെറ്റിച്ചത്. രണ്ട് ഓവർ എറിഞ്ഞ ദുബെ 46 റൺസാണ് വഴങ്ങിയത്. രണ്ട് നോ ബോളും നാലു വൈഡും എറിഞ്ഞു. ഇതോടെ ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യ രണ്ടോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടും ദുബെയുടെ പേരിലായി. ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും ഓരോ ഓവറുകൾ വീതം ബാക്കിയുണ്ടായിരുന്നപ്പോഴാണ് സൂര്യകുമാർ യാദവ് ദുബെയെക്കൊണ്ട് രണ്ട് ഓവർ എറിയിപ്പിച്ചത്. ഇത് തിരിച്ചടിച്ചു.
നെറ്റ് റൺറേറ്റിൽ ഇന്ത്യയ്ക്ക് മുകളിലുള്ള വെസ്റ്റിൻഡീസ് ഇതോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- വിൻഡീസ് മത്സരത്തിന് ഇതോടെ ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ മാനം വന്നിരിക്കുകയാണ്. ജയിക്കുന്നവർ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമിയിലെത്തും.
എന്നാൽ, കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കുന്ന ഇന്ത്യ – വിൻഡീസ് മത്സരത്തിൽ മഴ വില്ലനായാൽ നെറ്റ് റൺറേറ്റിലെ ഈ കുറവ് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. എന്തെങ്കിലും കാരണത്താൽ മത്സരം നടക്കാതെ പോയന്റ് പങ്കുവെയ്‌ക്കേണ്ടിവന്നാൽ നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ഇന്ത്യയെ മറികടന്ന് വിൻഡീസ് സെമി കളിക്കും.

