മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി

0
7

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ സോഫി ഷൈനിനെയാണ് ധവാന്‍ ജീവിതപങ്കാളിയാക്കിയത്. ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2025 മെയ് മാസത്തിലാണ് താന്‍ പ്രണയത്തിലാണെന്ന വിവരം ധവാന്‍ പരസ്യമാക്കിയത്. ജനുവരി 12ന് ഇന്‍സ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാര്‍ത്തയും പുറത്തുവിട്ടിരുന്നു.

പൂക്കളുടെ ഡിസൈനുള്ള ക്രീം നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ധവാന്റെ വേഷം. സമാനമായ തീമിലുള്ള ലെഹങ്കയാണ് സോഫി ധരിച്ചത്. ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹലാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. 2025-ലെ ചാമ്പ്യന്‍സ് ട്രോഫി വേളയില്‍ ദുബായില്‍ വെച്ചാണ് ഇരുവരും ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

ആരാണ് സോഫി ഷൈന്‍?

അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈന്‍ നിലവില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഡക്ട് കണ്‍സള്‍ട്ടന്റാണ്. അമേരിക്കന്‍ സാമ്പത്തിക സേവന കമ്പനിയായ ‘നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷനില്‍’ സെക്കന്‍ഡ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സോഫി. അയര്‍ലന്‍ഡിലെ ലിമെറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാര്‍ക്കറ്റിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. ദുബായില്‍ വെച്ചാണ് ധവാനും സോഫിയും പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധവാന്റെ രണ്ടാം വിവാഹം

ശിഖര്‍ ധവാന്റെ രണ്ടാം വിവാഹമാണിത്. 2011-ല്‍ ഐഷ മുഖര്‍ജിയെ വിവാഹം കഴിച്ച ധവാന്‍ 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2023 ഒക്ടോബറിലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്. ആദ്യ വിവാഹബന്ധത്തിലുണ്ടായ മാനസിക വിഷമങ്ങളെക്കുറിച്ചും മകന്‍ സൊരാവറിനെ കാണാന്‍ അനുവദിക്കാത്തതിനെക്കുറിച്ചും ഡല്‍ഹി കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. നിലവില്‍ മകനെ കാണാനുള്ള അവകാശം കോടതി ധവാന് നല്‍കിയിട്ടുണ്ടെങ്കിലും, മകനുമായി സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം താന്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് ധവാന്‍ വെളിപ്പെടുത്തിയിരുന്നു. ആ കയ്‌പ്പേറിയ അനുഭവങ്ങള്‍ക്ക് ശേഷമാണ് ധവാന്‍ ഇപ്പോള്‍ പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here