തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

0
3

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ് ബോധവത്കരണം. തദ്ദേശതിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന വോട്ടർപട്ടിക പരിഷ്കരണം വോട്ടർമാരിലും ഉദ്യോഗസ്ഥതലത്തിലും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

തദ്ദേശതിരഞ്ഞെടുപ്പിനും പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പിനും രണ്ടു പട്ടികയാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുകയാണ് കമ്മിഷന്റെ ലക്ഷ്യം. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനാണ് തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക തയ്യാറാക്കുന്നത്. അന്തിമപട്ടിക ഒക്ടോബർ 25-ന് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതിലിപ്പോൾ പുതുക്കലോ പരിഷ്കരണമോ നടക്കുന്നില്ലെന്നും കമ്മിഷൻ വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥതലത്തിലും പ്രതിസന്ധി

പഞ്ചായത്ത് തിരഞ്ഞെടുപ്പ് നേരേചൊവ്വേ നടത്തിയെടുക്കാൻ പെടാപ്പാടാണ്, അതിനൊപ്പമാണ് ഇരട്ടിപ്പണിയായി എസ്‌ഐആർ എത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നടത്തിപ്പുകളിൽ ഏറ്റവും കൂടുതൽ പണിപ്പെടേണ്ടിവരുന്നത് തദ്ദേശതിരഞ്ഞെടുപ്പിലാണ്. ഉദ്യോഗസ്ഥസംവിധാനം കരുതലോടെ നീങ്ങിയാലേ കുറ്റമറ്റരീതിയിൽ നടപടി പൂർത്തീകരിക്കാനാവുകയുള്ളൂ. തിരഞ്ഞെടുപ്പു വേളയിൽത്തന്നെ വോട്ടർപട്ടിക പരിഷ്കരണം തുടങ്ങിയതാണ് പ്രശ്നമായത്.

ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കളക്ടർമാർക്കാണ് തിരഞ്ഞെടുപ്പിന്റെയും എസ്‌ഐആറിന്റെയും ഉത്തരവാദിത്വം. ബിഎൽഒമാരായി സർക്കാർ ഉദ്യോഗസ്ഥർ വേണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചതോടെ നിയമിക്കപ്പെട്ടവരിൽ 75 ശതമാനത്തിലേറെയും പുതിയവരാണ്.

സംസ്ഥാനത്ത് ഡിസംബർ ഒൻപത്, 11 തീയതികളിലാണ് തദ്ദേശതിരഞ്ഞെടുപ്പ്. ഡിസംബർ ആദ്യവാരം തന്നെയാണ് എസ്‌ഐആറിന്റെ പ്രധാനനടപടികൾ. തിരഞ്ഞെടുപ്പിനെ ബാധിക്കാതെ എസ്‌ഐആർ നടപടി പൂർത്തീകരിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നുണ്ടെങ്കിലും താഴേത്തലത്തിൽ വലിയ പ്രതിസന്ധിയാണ് രൂപപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here