ആരിക്കാടി ടോൾഗേറ്റ്: കർമസമിതി അനിശ്ചിതകാല സമരത്തിലേക്ക്

0
10

കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം കുമ്പളയിൽ നടന്നിരുന്നു. നഗരത്തിൽ പന്തലൊരുക്കി അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് കർമസമിതി.

ആരിക്കാടിയിൽ നിർമാണം നടക്കുന്നയിടത്തു സമരവും പ്രതിഷേധവും നടന്നാൽ അത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് അനിശ്ചിതകാല സമരം കുമ്പളനഗരത്തിലാക്കുന്നത്. ഞായറാഴ്ച പ്രതിഷേധസമരം തുടങ്ങാനാണ് കർമസമിതിയുടെ ആലോചന. ഇതിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു.

ടോൾഗേറ്റ് നിർമാണം തടയണമെന്നാവശ്യപ്പെട്ട് കർമസമിതി അംഗവും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്റഫ് കർള കർമസമിതിക്കുവേണ്ടി ഹൈക്കോടതിയിൽ നൽകിയ ഹർജി 15-നാണ് പരിഗണിക്കുക.

ടോൾഗേറ്റുകളുടെ പരിധി 60 കിലോമീറ്റർ; ഇവിടെ 20

ദേശീയപാതാ നിയമപ്രകാരം രണ്ട് ടോൾഗേറ്റുകൾ തമ്മിലുള്ള ദൂരപരിധി 60 കിലോമീറ്റർ ആണ്. 20 കിലോമീറ്റർ ദൂരത്തിൽ തലപ്പാടിയിൽ ടോൾഗേറ്റുള്ളതിനാൽ ആരിക്കാടിയിൽ പണിയുന്ന ടോൾഗേറ്റ് നിയമവിരുദ്ധമാണെന്ന വാദമാണ് സമിതി ഉയർത്തുന്നത്. പോലീസ് സംരക്ഷണത്തിലാണ് നിലവിൽ ടോൾഗേറ്റ് നിർമാണ പ്രവൃത്തി നടക്കുന്നത്. ഇതേരീതിയിൽ നിർമാണം നടന്നാൽ പെട്ടെന്നുതന്നെ ഗേറ്റ് പൂർത്തിയാക്കാൻ കഴിയും.

നിർമാണം തടഞ്ഞതിന്റെ പേരിൽ ആദ്യഘട്ടത്തിൽ 10 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസം നടന്ന ബഹുജനമാർച്ചിൽ പങ്കെടുത്ത 150 ആളുകളുടെ പേരിലും കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here