പോലീസ് കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതെന്ന് കരുതി സംസ്കരിച്ചു;പിറ്റേദിവസം ‘മരിച്ചയാൾ’ വീട്ടിലെത്തി

0
11

ഗുരുഗ്രാം: തലയറുത്തനിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതാണെന്ന് തെറ്റിദ്ധരിച്ച് സംസ്കരിച്ചു. തൊട്ടടുത്ത ദിവസം കാണാതായ വ്യക്തി വീട്ടിൽ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറി സംസ്കരിച്ചത് തിരിച്ചറിഞ്ഞത്. മുഹമ്മദ്പുരിലെ ഝർസ ഗ്രാമത്തിലാണ് സംഭവം നടന്നത്.

പൂജൻ പ്രസാദ് എന്ന വ്യക്തി ഒരു ആഴ്ചയോളം വീട്ടിൽ വരാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സന്ദീപ് കുമാർ സെപ്റ്റംബർ 1-ന് പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകി. ഓഗസ്റ്റ് 28-ന് സെക്ടർ 37 പോലീസ് സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഗോഡൗണിന് സമീപം തലയറുത്ത നിലയിൽ ഒരു മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. സന്ദീപും മറ്റ് കുടുംബാംഗങ്ങളും മോർച്ചറിയിൽ എത്തി മൃതദേഹത്തിന്റെ വലത് കാലിലെ ഒരു മുറിവും പിതാവിന്റേതിന് സമാനമായ ഷർട്ടും പാന്റ്‌സും കണ്ട് പൂജന്റെ മൃതദേഹമാണെന്ന് തിരിച്ചറി‍ഞ്ഞു. തുടർന്ന് ചൊവ്വാഴ്ച പതൗഡി റോഡിലെ രാം ബാഗ് ശ്മശാനത്തിൽ അന്ത്യ കർമ്മങ്ങൾ നടത്തി മൃതദേഹം സംസ്കരിച്ചു.

ബുധനാഴ്ച, പൂജന്റെ മക്കൾ ചിതാഭസ്മം യമുനയിൽ ഒഴുക്കാൻ പോകുമ്പോഴാണ് പൂജനെ ഖണ്ഡ്സ ചൗക്കിൽ കണ്ടുവെന്ന് പറഞ്ഞ് അമ്മാവൻ വിളിക്കുന്നത്. സന്ദീപും മൂത്ത സഹോദരൻ അമനും വീട്ടിലെത്തിയപ്പോൾ പിതാവും വീട്ടിലെത്തിയിരുന്നു.

സംസ്കരിച്ച വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും നടപടിക്രമങ്ങൾ അനുസരിച്ച്, മൃതദേഹത്തിന്റെ ഡിഎൻഎ സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും സെക്ടർ 37 പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ. ഷാഹിദ് അഹ്മദ് പറഞ്ഞു. തലയറുത്തനിലയിൽ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സെക്ടർ 37 പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here