സ്വകാര്യ ബസിൽ ജോലി വേണോ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം; സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി

0
10

കൊച്ചി: സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി. ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബസിന്റെ മുൻപിലും പിൻപിലും ഉള്ളിലും കാമറ, വാഹനം എവിടെ എത്തിയെന്ന് കൃത്യമായി അറിയാൻ കഴിയുന്ന ജിയോ ഫെൻസിങ് സംവിധാനം എന്നിവ വേണമെന്ന നിർദ്ദേശങ്ങളാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകി സംസ്ഥാന മോട്ടോർ വാഹന അതോറിറ്റി കഴിഞ്ഞ ജനുവരിയിലെടുത്ത തീരുമാനവും ഇതിന് തുടർച്ചയായി ട്രാൻസ്പോർട്ട് കമ്മിഷണർ കഴിഞ്ഞ ഏപ്രിലിൽ പുറപ്പെടുവിച്ച സർക്കുലറും ചോദ്യംചെയ്യുന്ന ഹർജികൾ തള്ളിയാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്.

കേരള ടാക്സി ഡ്രൈവേഴ്സ് ഒാർഗനൈസേഷനടക്കം നൽകിയ ഒരുകൂട്ടം ഹര്ജികളാണ് കോടതി പരിഗണിച്ചത്. കാമറ സ്ഥാപിക്കുന്നതിൽ ഒക്ടോബർ 10 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. തങ്ങളുടെ അഭിപ്രായം കേൾക്കാതെയാണ് ഇക്കാര്യത്തില് സർക്കാർ തീരുമാനമെടുത്തതെന്നും തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

ഡ്രൈവർമാരുടെ അശ്രദ്ധകാരണം അപകടങ്ങൾ വർധിക്കുന്നതും വിദ്യാർഥികളടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയും കണക്കിലെടുത്താണ് പോലീസ് ക്ലിയറന്സ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർദേശിച്ചതെന്ന് സർക്കാർ വിശദീകരിച്ചു.

പൊതുതാല്പര്യം കണക്കിലെടുത്തുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ബന്ധപ്പെട്ടവരെ കേൾക്കേണ്ടതുമില്ല. 2023-നും 2025-നും ഇടയിൽ സംസ്ഥാനത്ത് 1017 ബസ് അപകടങ്ങൾ ഉണ്ടായെന്ന് സർക്കാർ അറിയിച്ചത് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിനായി സീനിയർ ഗവണ്മെന്‍റ് പ്ലീഡര്മാരായ സുര്യ ബിനോയി,വി.എസ്.ശ്രീജിത്ത് എന്നിവരാണ് ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here